അഗസ്ത്യാർകൂട സന്ദർശന ബുക്കിങ്​ മാറ്റി

തിരുവനന്തപുരം: അഗസ്ത്യാർകൂടം​ ട്രക്കിങ്ങിനായി വ്യാഴാഴ്ച മുതൽ നിശ്ചയിച്ചിരുന്ന ഓൺലൈൻ ബുക്കിങ് താൽക്കാലികമായി മാറ്റി. സർക്കാർ ഉത്തരവ് ഇറങ്ങും മുമ്പ്​ അഗസ്​ത്യാർ ബയളോജിക്കൽ പാർക്ക് കൺസർവേറ്റർ സർക്കുലർ ഇറക്കിയതിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ വിയോജിപ്പ്​ അറിയിച്ചതോടെയാണ്​ ഓൺലൈൻ ബുക്കിങ്​ താൽക്കാലികമായി മാറ്റിയത്​. ഇതുസംബന്ധിച്ച്​ ബയോളജിക്കൽ പാർക്ക് കൺസർവേറ്ററോട്​ വിശദീകരണം തേടാൻ വനം മേധാവിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും വനം പ്രിൻസിപ്പൽ സെക്രട്ടറി കത്തുനൽകി. അഗസ്ത്യാർകൂടം ട്രക്കിങ്ങിനായി എൻട്രി ഫീസ്, പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം എന്നിവ നിശ്ചയിച്ച് അഗസ്​ത്യാർ ബയോളജിക്കൽ പാർക്ക് ഫോറസ്റ്റ്​ കൺസർവേറ്റർ കഴിഞ്ഞ ദിവസം സർക്കുലറും പത്രക്കുറിപ്പും ഇറക്കിയിരുന്നു. കോവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ ഇത്തരമൊരു പരിപാടിക്കായി കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ എന്നിവരുമായി ചർച്ച നടത്തേണ്ടിയിരുന്നതായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിലുണ്ട്. അതേസമയം, കോവി‍ഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ 11 മുതൽ തുടങ്ങാനിരുന്ന ഓൺലൈൻ ബുക്കിങ് താൽക്കാലികമായി മാറ്റിയെന്നാണ് വൈൽഡ്​ ലൈഫ്​ വാർഡന്‍റെതായി പുറത്തുവന്ന ഔദ്യോഗിക വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.