മുഖ്യമന്ത്രിയുടെ വ്യാജക്കത്ത്​ തയാറാക്കി തട്ടിപ്പ്​: ബിജു രാധാകൃഷ്​ണന്​ ആറു​വർഷം തടവും പിഴയും

തിരുവനന്തപുരം: സോളാർ ഉപകരണങ്ങളുടെ വിതരണ അവകാശം ലഭിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജക്കത്ത് കാട്ടി ലക്ഷങ്ങൾ തട്ടിയ കേസിൽ ബിജു രാധാകൃഷ്‌ണന് ആറുവർഷം തടവും 1500 രൂപ പിഴയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ. ജയകൃഷ്ണനാണ് ഒരു വർഷം മുമ്പ്​ വിചാരണ പൂർത്തിയായ കേസിൽ വിധി പറഞ്ഞത്​. കോടതിയിൽ ബിജു കുറ്റം സമ്മതിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നാലു വർഷം ജയിലിൽ കിടന്നതു കാരണം ശിക്ഷ കാലയളവ് കുറവ് ചെയ്യണമെന്ന പ്രതിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. സോളാർ വിതരണ കമ്പനിയിൽ നിക്ഷേപകരുടെ വിശ്വാസമാർജിക്കാൻ എറണാകുളത്തെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ​െവച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജക്കത്ത് നിർമിച്ച്​ തിരുവനന്തപുരം സ്വദേശി റാസിഖ് അലിയുടെ പക്കൽനിന്ന്​ തവണകളായി 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്​​ ക്രൈംബ്രാഞ്ച് രജിസ്​റ്റർ ചെയ്‌ത കേസ്. സ്ഥാപനമുടമ ഫെനിയെ പൊലീസ് അറസ്​റ്റ്​ ചെയ്‌തെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കി. 2012 നായിരുന്നു കേസിനാസ്​പദമായ സംഭവം. കോളിളക്കം സൃഷ്​ടിച്ച സോളാർ കേസുമായി ബന്ധപ്പെട്ടതാണ്​ ഇൗ കേസ്​. ബിജു രാധാകൃഷ്​ണനെ മാത്രം പ്രതി ചേർത്താണ്​ ക്രൈംബ്രാഞ്ച്​ കേസന്വേഷിച്ച്​ കുറ്റപത്രം സമർപ്പിച്ചത്​. ഇതേ സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടത്തി പണം തട്ടിയെടുത്തെന്ന് കാട്ടി ബിജു രാധാകൃഷ്‌ണൻ, നടി ശാലു മേനോൻ, ശാലുവി​ൻെറ മാതാവ്​ കലാദേവി എന്നിവരെ പ്രതികളാക്കി തമ്പാനൂർ പൊലീസ്​ മറ്റൊരു കേസ് രജിസ്​റ്റർ ചെയ്‌തിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.