നഗരൂർ സ്വദേശിയായ പൊലീസുകാരന് കോവിഡ്; നേരിട്ട് ബന്ധപ്പെട്ടവരുടെ സ്രവം പരിശോധനക്കയച്ചു

കിളിമാനൂർ: തിരുവനന്തപുരം എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനും നഗരൂർ സ്വദേശിയുമായ വ്യക്തിക്ക് കോവിഡ് പോസിറ്റിവ് കണ്ടെത്തിയ സാഹചര്യത്തിൽ നഗരൂർ മേഖല ഭീതിയിൽ. ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടതായി കരുതുന്ന 47 പേരെ തിങ്കളാഴ്ച നഗരൂർ സരസ്വതി വിദ്യാലയം സ്കൂളിൽ സ്രവം ശേഖരിക്കാനായി വിളിപ്പിച്ചു. അതേ സമയം 41 പേർ മാത്രമേ സ്രവ പരിശോധനക്ക് എത്തിയിട്ടുള്ളൂവെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഇദ്ദേഹവുമായി നേരിട്ട്​ ബന്ധപ്പെട്ട കൊല്ലം സ്വദേശിയെക്കുറിച്ച് ഒരു വിവരവും ഇനിയും ലഭിച്ചിട്ടില്ല. മറ്റൊരാൾ ആറ്റിങ്ങൽ സ്വദേശിയാണ്. ഇദ്ദേഹം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയുമായി ബന്ധപ്പെട്ടതായി അറിയുന്നു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ വ്യക്തിയും ആശുപത്രിയുമായി ബന്ധപ്പെട്ടത്രേ. ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് നഗരൂർ സ്വദേശിയായ പൊലീസുകാരന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ജൂൺ 27ന് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തിന് 30ന് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ നിരവധി പ്രദേശങ്ങളിൽ സഞ്ചരി ക്കുകയും ധാരാളം പേരുമായി ഇടപെടുകയും ചെയ്തു. ജൂൺ 28ന് നഗരൂർ രാലൂർക്കാവിൽ ഒരുവീട്ടിലെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയും ചടങ്ങിന് മുഖ്യ കാർമികത്വം വഹിക്കുകയും ചെയ്തത്രേ. ഇവിടെയെത്തിയവരുമായാണ് നേരിട്ട് ബന്ധപ്പെട്ടത്. കൂടാതെ, രാലൂർക്കാവ് ക്ഷേത്ര പൂജാരിയുമായി ആറ്റിങ്ങലിൽ പൂജാസാധനങ്ങൾ വാങ്ങാൻ ഇദ്ദേഹം പോയതായും അറിയുന്നു. ഇതോടെ ഇദ്ദേഹവുമായി ബന്ധപ്പെട്ടരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.