കൊലപാതകം മോഷണത്തിന്​; സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകമായി

തിരുവനന്തപുരം: കേശവദാസപുരത്ത്​ വയോധികയെ കൊന്ന്​ കിണറ്റിലെറിഞ്ഞത്​ മാല മോഷ്ടിക്കാനായിരുന്നെന്നാണ്​ നിഗമനമെന്ന്​ സിറ്റി പൊലീസ്​ കമീഷണർ ജി. സ്പർജൻകുമാർ. പ്രതിയാണെന്ന്​ സംശയിക്കുന്ന ആളെക്കുറിച്ച്​ ആദ്യം തന്നെ സൂചന ലഭിച്ചതും സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണത്തിന്​ സഹായകമായി. പ്രതിയായ ആദം അലി മുമ്പ്​ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നോയെന്ന കാര്യവും പരിശോധിക്കുകയാണ്​. പ്രതി ഒറ്റക്കാണ്​ കൃത്യം നിർവഹിച്ചതെന്നാണ്​ പ്രാഥമിക നിഗമനം. ഇയാൾക്കൊപ്പം താമസിച്ചിരുന്ന അഞ്ച്​ ബംഗാൾ സ്വദേശികൾക്ക്​ ഇതിൽ പങ്കുണ്ടോയെന്ന്​ കണ്ടെത്താൻ വെവ്വേറെ ചോദ്യം ചെയ്തുവരികയാണെന്നും കമീഷണർ പറഞ്ഞു. കൊല്ലപ്പെട്ട മനോരമയുടെ വീടിന​ു​സമീപമാണ്​ പ്രതിയും താമസിച്ചിരുന്നത്​. ഇവിടെയെത്തി കുടിവെള്ളം വാങ്ങാറുണ്ടായിരുന്നു. ഇതുവഴിയുള്ള പരിചയം​ കൊലപാതകം നടത്താൻ പ്രതിക്ക്​ സഹായകമായി. വീടിനു​ പുറത്തുവെച്ചാണ്​ ​കൊലപാതകം നടന്നതെന്നാണ്​ വ്യക്തമാകുന്നത്​. കഴുത്തിൽ കത്തികൊണ്ട്​ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമന്ന്​​ അടുത്തുള്ള മറ്റൊരു വീടിനു​ സമീപ​ത്തെ കിണറ്റിൽ കൊണ്ടിടുകയായിരുന്നു. മൃതദേഹം പൊങ്ങാതിരിക്കാനാണ്​ കാലിൽ കല്ലുകെട്ടിയിട്ടത്​. മനോരമയുടെ ആറു പവനോളം നഷ്ടപ്പെട്ടിട്ടുണ്ട്​. അതിനു​വേണ്ടിയായിരുന്നു കൊലപാതകമെന്നാണ്​ നിഗമനം. ഈ സ്വർണം കണ്ടെടുക്കാനായിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സ്വർണവും കൊല നടത്താനുപ​യോഗിച്ച കത്തിയും കണ്ടെത്താനുള്ള തെളിവെടുപ്പ്​ നടത്തുമെന്നും കമീഷണർ പറഞ്ഞു. മ​നോരമയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ കൊണ്ടിട്ടശേഷം പ്രതി നടന്നുപോകുന്നത്​ അടുത്ത വീട്ടിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു​. ചെറുപ്പത്തില്‍ തന്നെ കേരളത്തിലെത്തിയ പ്രതി കൊല്ലം, പാലക്കാട് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ഒന്നര മാസം മുമ്പാണ് സുഹൃത്ത് ദീപക്കിന്‍റെ സഹായത്തോടെ കേശവദാസപുരം രക്ഷാപുരം ചര്‍ച്ചിനുസമീപം രാജേഷ് എന്ന കെട്ടിടം കോൺട്രാക്ടറുടെ കീഴില്‍ വീടിന്‍റെ നിർമാണ പ്രവൃത്തികള്‍ക്കായി എത്തിയത്. കൃത്യത്തിനുശേഷം പശ്ചിമബംഗാളിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നും കമീഷണർ പറഞ്ഞു. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.