വൈദ്യുതി നിയമഭേദഗതിക്കെതിരെ ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധം

തിരുവനന്തപുരം: സ്വകാര്യ മേഖലക്ക്​ നിയന്ത്രണരഹിതമായി കടന്നുവരാനും ലാഭം കൊയ്യാനും അവസരമൊരുക്കുന്ന വൈദ്യുതി നിയമഭേദഗതി ബില്‍ പര്‍ലമെന്‍റില്‍ അവതരിപ്പിച്ച ആഗസ്റ്റ് എട്ടിന് കേരളത്തില്‍ വൈദ്യുതി തൊഴിലാളികളും ഓഫിസര്‍മാരും ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധ സമരം നടത്തി. 25000ത്തിലധികം തൊഴിലാളികളും ഓഫിസര്‍മാരും പ്രക്ഷോഭത്തില്‍ പങ്കാളികളായി. കര്‍ഷകരും തൊഴിലാളി വിഭാഗങ്ങളും യുവജന വിദ്യാര്‍ഥി സംഘടനകളും സമരത്തിന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 1000 ത്തിലധികം കേന്ദ്രങ്ങളില്‍ രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട് അഞ്ചു വരെ നാഷനല്‍ കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണകള്‍ നടത്തി. സംയുക്ത കര്‍ഷക മോര്‍ച്ചയും സംയുക്ത ട്രേഡ് യൂനിയനുമായി ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് എൻ.സി.സി.ഒ.ഇ.ഇ.ഇ ദേശീയ നേതൃത്വം ആലോചിക്കുന്നത്. കെ.എസ്.ഇ.ബി ആസ്ഥാനമായ തിരുവനന്തപുരം പട്ടം വൈദ്യുതിഭവനു മുന്നില്‍ നടന്ന ധര്‍ണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷാജികുമാര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.