കടലാസ്​ ചാർട്ടുകളില്ല, ടി.ടി.ഇമാരുടെ പരിശോധന ഇനി ഡിജിറ്റൽ

തിരുവനന്തപുരം: ട്രെയിനുകളിലെ ടിക്കറ്റ്​ പരിശോധനക്ക്​ കടലാസ്​ ചാർട്ടിന്​ ​പകരം ടി.ടി.ഇമാർക്ക്​ ഇനിമുതൽ ടാബുകളുടെ മാതൃകയിലുള്ള ഹാൻഡ് ഹെൽഡ് ടെർമിനലുകൾ (എച്ച്​.എച്ച്​.ടി). പുതിയ സാ​ങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ടിക്കറ്റ്​ പരിശോധന വേഗത്തിലാക്കലാണ്​ ലക്ഷ്യം. നിലവിൽ ദക്ഷിണ റെയിൽവേക്ക്​ ആകെ 857 ഹാൻഡ് ഹെൽഡ് ടെർമിനലുകൾ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ വഞ്ചിനാട്​ എക്സ്​പ്രസിൽ പരീക്ഷണാടിസ്ഥാനത്തിൽ എച്ച്​.എച്ച്​.ടികൾ ഏർപ്പെടുത്തിയിരുന്നു. ദക്ഷിണ റെയിൽവേക്ക്​ ലഭിച്ച 857 എച്ച്​.എച്ച്​.ടികളിൽ 148 എണ്ണം തിരുവനന്തപുരം ഡിവിഷനാണ്​​. 140 എണ്ണം പാലക്കാട്​ ഡിവിഷനും ലഭിക്കും. ചെന്നൈ-246, തിരുച്ചിറപ്പള്ളി-101, മധുര -98, സേലം -124 എന്നിങ്ങനെയാണ്​ മറ്റ്​ ഡിവിഷനുകൾക്കുള്ള വിഹിതം. ടിക്കറ്റ് പരിശോധനയിൽ എച്ച്​.എച്ച്​.ടി വിന്യസിക്കുന്നതോടെ യാത്രാവേളയിൽ ഒഴിഞ്ഞുകിടക്കുന്ന ബർത്തുകൾ വേഗത്തിൽ കണ്ടെത്താനും അവ യാത്രക്കാർക്ക്​ അനുവദിക്കാനുമാകും. ബർത്തുകൾ അനുവദിക്കുന്നതിൽ കൂടുതൽ സുതാര്യത ലഭിക്കും. ഒഴിഞ്ഞുകിടക്കുന്ന സീറ്റ്​ വിവരങ്ങൾ ടി.ടി.ഇമാർക്ക്​ എച്ച്​.എച്ച്​.ടി വഴി അപ്​ഡേറ്റ്​ ചെയ്യാം. സ്റ്റേഷനുകളിൽനിന്ന്​ യാത്രക്കാർക്ക് ഒഴിഞ്ഞുകിടക്കുന്ന ബർത്തുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭിക്കും. ഇതുവഴി കറന്‍റ്​ ബുക്കിങ്ങുള്ള സ്​റ്റേഷനുകളിൽനിന്ന്​ യാത്രക്കാർക്ക്​ ഇത്തരം സീറ്റുകൾ റിസർവ്​ ചെയ്യാനാകും. കടലാസ്​ ചാർട്ടിലാണെങ്കിൽ ട്രെയിൻ അടുത്ത സ്​റ്റേഷനിൽ എത്തു​മ്പോൾ മാത്രമേ ഒഴിവ്​ വിവരങ്ങൾ അറിയാൻ കഴിയൂ. ഇന്‍റർനെറ്റ്​ കണക്ടിവിറ്റി ഇല്ലാത്ത സമയങ്ങളിലും പ്രവർത്തിക്കും വിധമാണ്​ എച്ച്​.എച്ച്​.ടികളുടെ രൂപകൽപന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.