അന്തർസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ വർധിക്കുന്നു

തൊഴിലാളികളുടെയും ഏജന്റുമാരുടേയും രജിസ്ട്രേഷൻ നടക്കുന്നില്ല തിരുവനന്തപുരം: സംസ്ഥാനത്ത് അന്തർസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ വർധിക്കുന്നെന്ന്​​ ക്രൈം റെക്കോഡ്​സ്​ ബ്യൂറോ കണക്കുകൾ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം പലരും സ്വന്തം നാടുകളിലേക്ക്​ കടക്കുകയാണ്​​. എന്നാൽ, അന്തർസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ അധികൃതരുടെ പക്കലില്ലാത്തതുമൂലം​ പ്രതികളെ പലപ്പോഴും പിടികൂടാനാവുന്നില്ല. കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും തൊഴിലാളികളുടെയും ഏജന്റുമാരുടെയും രജിസ്ട്രേഷൻ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവുകൾക്ക് പുല്ലുവില കൽപ്പിക്കുന്നതാണ്​ ഇതിനു പ്രധാന കാരണം. സംസ്ഥാനത്ത്​ ഏകദേശം 37 ലക്ഷം അന്തർസംസ്ഥാന തൊഴിലാളികൾ വിവിധ ജോലി ചെയ്യുന്നുണ്ടെന്നാണ്​ അനൗദ്യോഗിക കണക്ക്​. ഇതിൽ 59,000 ത്തോളം പേർ മാത്രമാണ്​ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ അംഗത്വമെടുത്തിട്ടുള്ളത്. ക്ഷേമ പദ്ധതിയിൽ ചേരുന്നതിന്​ ഫോട്ടോയും തിരിച്ചറിയൽ കാര്‍ഡും നൽകുന്നതിന് തൊഴിലാളികൾ വിമുഖത കാട്ടുന്നതാണ് അംഗത്വം വർധിക്കാത്തതിന്​ പ്രധാന കാരണം. 2010ൽ ആണ് കേരളത്തിൽ കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി നിലവിൽ വന്നത്. അന്തർസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം അവരുടെ ക്ഷേമം കൂടി ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതിയോട് പക്ഷേ, തൊഴിലാളികൾക്കും ഏജന്റുമാര്‍ക്കും ഒരുപോലെ വിമുഖതയാണ്. സംസ്ഥാനത്തെ തൊഴിൽ മേഖലയുടെ നട്ടെല്ലായി അന്തർസംസ്ഥാന തൊഴിലാളികൾ മാറിയിട്ടുണ്ട്​. കഴിഞ്ഞ വര്‍ഷങ്ങളിലായി കേരളത്തിൽ ആയിരക്കണക്കിന് ആളുകളെത്തുമ്പോൾ ചെറിയൊരു ശതമാനം മാത്രമാണ്​ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്​. എന്നാൽ, അത്​ അന്തർസംസ്ഥാന തൊഴിലാളികളെ മുഴുവൻ സംശയ നിഴലിൽ ആക്കുന്നുണ്ട്​. ഏറ്റവും ഒടുവിൽ തിരുവനന്തപുരം കേശവദാസപുരത്ത്​ വൃദ്ധയെ കൊലപ്പെടുത്തിയതും അന്തർസംസ്ഥാന തൊഴിലാളിയാണ്​. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ മാത്രം സംസ്ഥാനത്ത് അന്തർസംസ്ഥാന തൊഴിലാളികൾ പ്രതികളായ 5000 ത്തിലധികം കേസുകളാണ്​ രജിസ്റ്റർ ചെയ്തത്​. 2016ൽ 639 കേസായിരുന്നത് '17 ൽ 744 ആയി. '18 ല്‍ 815 കേസ് രജിസ്റ്റര്‍ ചെയ്തു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ 2020ൽ എടുത്ത 380 കേസിൽ 14 എണ്ണം കൊലപാതകമാണെന്നത്​ ഇതിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. 2021ലെ 502 എണ്ണത്തിൽ കൊലപാതകത്തിന് രജിസ്റ്റര്‍ ചെയ്തത് 13 കേസ് . 2022ൽ ഇതുവരെ 422 കേസുണ്ട്. അതിൽ 11 കൊലപാതക കേസുകളാണുള്ളത്​. ലഹരി, മോഷണ​ക്കേസുകളിലാണ്​ അന്തർസംസ്ഥാന തൊഴിലാളികൾ ഏറെ ഉൾപ്പെടുന്നെന്നതും ഗൗരവമുള്ളതാണ്​. ബിജു ചന്ദ്രശേഖർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.