കാൽവിരലുകളിൽ വിരിയുന്ന കൺമണിയുടെ ചിത്രങ്ങൾ

തിരുവനന്തപുരം: കാൽവിരൽ കൊണ്ട് ചിത്രങ്ങൾ വരയ്ക്കാൻ പഠിച്ചതെങ്ങനെ? ഇരുകൈകളുമില്ലാതിരുന്നിട്ടും കാലുകൾ കൊണ്ട് അതിമനോഹരമായ ചിത്രങ്ങൾ വരച്ച് വിസ്മയം തീർക്കുന്ന കണ്മണിയോടായിരുന്നു കുരുന്നുകളുടെ ചോദ്യം. ആരും പഠിപ്പിച്ചതല്ലെന്നും ആത്മാർഥമായ ആഗ്രഹമുണ്ടായതിനാൽ സ്വയം പരിശീലിച്ചതാണെന്നും കണ്മണിയുടെ മറുപടി. ആഗ്രഹവും പരിശ്രമവും ക്ഷമയുമുണ്ടെങ്കിൽ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനാവുമെന്നും കണ്മണി കൂട്ടിച്ചേർത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച 'ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്' പരിപാടിയിലാണ് കുട്ടികൾ കൗതുകങ്ങൾ പങ്കുവെച്ചത്. പരിമിതികൾക്കപ്പുറം കഴിവുകൾ വളർത്തുന്നതിനെക്കുറിച്ച് കണ്മണി കുട്ടികളുമായി സംവദിച്ചു. 'തല' എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബാലതാരം സ്നേഹ അനുവും നടി പ്രിയങ്കയും കുട്ടികളോട് വിശേഷങ്ങൾ പങ്കുവെച്ചു. സിനിമ, അഭിനയം തുടങ്ങിയവയിലെ നിരവധി സംശയങ്ങൾ കുട്ടികൾ ചോദിച്ചറിഞ്ഞു. ശിശു സംരക്ഷണ സ്ഥാപനങ്ങൾ ബാല സൗഹൃദമാക്കുന്നതിനും കുട്ടികളുടെ കഴിവുകൾ വളർത്തി മുഖ്യധാരയിൽ എത്തിക്കുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നെത്തിയ കുട്ടികളുടെ കലാപരിപാടികളും വേദിയിൽ നടന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേള തിങ്കളാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.