സമഗ്ര ഭൂമിശാസ്ത്ര വിവരങ്ങളുമായി ജി.ഐ.എസ് ഡേറ്റ ബാങ്ക് തയാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയുമെല്ലാം ഭൂമിശാസ്ത്ര വിവരങ്ങൾ ഉൾപ്പെടുത്തി സമഗ്ര ജി.ഐ.എസ് ഡേറ്റ ബാങ്ക് (ജിയോ ഡേറ്റ ബാങ്ക്​) നിലവിൽ വന്നു. സർക്കാർ സ്​കൂളുകൾ, ആരോഗ്യസ്ഥാപനങ്ങൾ, റേഷൻ പൊതുവിതരണ കേന്ദ്രങ്ങൾ, വനമേഖലകൾ, പൊലീസ്​ സ്​റ്റേഷനുകൾ, ഫയർസ്​റ്റേഷനുകൾ, അക്ഷയ കേന്ദ്രങ്ങൾ, ഗ്രാമപഞ്ചായത്തുകൾ, ലൈബ്രറികൾ, താലൂക്ക്​ ആസ്ഥാനങ്ങൾ തുടങ്ങി ബസ്​ കാത്തിരിപ്പ്​ കേന്ദ്രങ്ങൾ വരെയുള്ള സൂക്ഷ്മ ഭൂമിശാസ്ത്ര വിവരങ്ങളാണ്​ മാപ്പിൽ അടയാളപ്പെടുത്തുകയും വെബ്​സൈറ്റിൽ ഏകോപിപ്പിക്കുകയും ചെയ്തത്​. ഭൂകമ്പ സാധ്യത പ്രദേശങ്ങൾ, ദുരന്തബാധിത മേഖലകൾ, ക്വാറികൾ, ക്രഷർ യൂനിറ്റുകൾ എന്നിവ മാപ്പിലുണ്ട്​. ഐ.ടി മിഷന്‍റെ കീഴിൽ കേരള സ്റ്റേറ്റ് സ്​പെഷൽ ഡേറ്റ ഇൻഫ്രാസ്ട്രക്ചർ (കെ.എസ്​.ഡി.ഐ) പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിന്‍റെ ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഐ.ടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ് സംബന്ധിച്ചു. അത്യാധുനിക ഓപൺ സോഴ്‌സ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത കേരള ജിയോ പോർട്ടലാണ് പ്രവർത്തന സജ്ജമായത്​. വിവിധ വകുപ്പുകളിൽ നിർമിക്കപ്പെട്ട ഭൂവിവരങ്ങൾ (ജിയോ സ്‌പെഷൽ ഡേറ്റ) ക്രമപ്പെടുത്തി പൊതു പ്ലാറ്റ്ഫോമിൽ കൊണ്ടുവരികയാണ് കെ.എസ്.ഡി.ഐ പ്രവർത്തന രീതി. ഇതിലൂടെ സർക്കാർ വകുപ്പുകൾ, സർക്കാറിതര സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ശാസ്ത്രസംഘടനകൾ എന്നിവക്ക് ആവശ്യാനുസരണം പദ്ധതി ആസൂത്രണത്തിനും നയരൂപവത്​കരണത്തിനും ഭൂ സംബന്ധിയായ വിവരങ്ങൾ ലഭ്യമാകും. നിലവിൽ 25 ഉപയോക്തൃ വകുപ്പുകളിൽനിന്ന് 220 ലധികം സ്​പെഷൽ ഡേറ്റ ലെയറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.