ക്ഷേമനിധി ബോർഡുകൾ തൊഴിലാളി ക്ഷേമത്തിന്​; വീഴ്ചവരുത്തുന്നവർക്കെതിരെ നടപടി -മന്ത്രി

തിരുവനന്തപു​രം: ക്ഷേമനിധി ബോർഡുകൾ തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി രൂപവത്​കരിച്ചവയാണെന്നും ഒറ്റപ്പെട്ട ചില ജീവനക്കാർക്ക് അത് തങ്ങളുടെ മാത്രം ക്ഷേമത്തിനാണെന്നുള്ള തെറ്റിദ്ധാരണയുണ്ടെന്നും ​മന്ത്രി വി. ശിവൻകുട്ടി. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. തൊഴിലാളികൾക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ ഒരു കാരണവശാലും വൈകിപ്പിക്കാൻ പാടില്ല. എല്ലാ ബോർഡ് ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ്​ സംവിധാനം രണ്ടുമാസത്തിലകം നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ നടന്ന ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർമാരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോർഡുകളിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തണം. അനർഹരായവരുടെ അംഗത്വം ഉറപ്പാക്കാനും ഇരട്ട അംഗത്വം ക​ണ്ടെത്തി നീക്കം ചെയ്യാനും നടപടി സ്വീകരിക്കണം. ബോർഡ് ഓഫിസുകളിലെത്തുന്നവരോട് ജീവനക്കാർ മാന്യമായി പെരുമാറണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമീഷണർ ഡോ. നവ്‌ജ്യോത് ഖോസ, വിവിധ ബോർഡുകളുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.