തിരുവനന്തപുരം: സ്റ്റേഷനറി വകുപ്പില്‍ അന്യായമായി തസ്തിക വെട്ടിക്കുറയ്ക്കുന്നതിനെതിരെയും പ്രമോഷനുകളും നിയമനങ്ങളും മരവിപ്പിക്കുന്നതിനെതിരെയും സ്റ്റേഷനറി വകുപ്പ് സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്. വകുപ്പിനെ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ശിപാര്‍ശ ചെയ്യുന്ന ഔദ്യോഗിക വര്‍ക്ക്-സ്റ്റഡി റിപ്പോര്‍ട്ടിനെ അവഗണിച്ച്, വകുപ്പിന്‍റെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തുന്ന രീതിയില്‍ പകുതിയിലധികം തസ്തികകള്‍ വെട്ടിക്കുറയ്ക്കാനാണ് സർക്കാർ നീക്കം. 2022 ജൂൺ 17ന് പ്രിന്‍റിങ് ആൻഡ് സ്റ്റേഷനറി സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്റ്റേഷനറി വകുപ്പിലെ 238 തസ്തികകളില്‍ 125 തസ്തികകളും വാനിഷിങ് കാറ്റഗറി ആക്കാനും പ്രമോഷനുകളും നിയമനങ്ങളും മരവിപ്പിക്കാനും തീരുമാനമെടുക്കുകയായിരുന്നെന്ന് ഭാരവാഹികൾ ആരോപിച്ചു. സ്റ്റേഷനറി കേന്ദ്രീകൃതമായി വാങ്ങാതെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഇ-മാര്‍ക്കറ്റ് പ്ലേസില്‍നിന്ന് നേരിട്ട് വാങ്ങുന്നതാണ് ലാഭകരമെന്നും ഇ-ഓഫിസ് സോഫ്റ്റ്‍വെയര്‍ നടപ്പാക്കിയതിനാല്‍ സ്റ്റേഷനറിയുടെ ഉപയോഗം കുറഞ്ഞു എന്നുമുള്ള നിരീക്ഷണങ്ങള്‍ യാഥാർഥ്യത്തിന് നിരക്കാത്തതാണ്. ഓരോ സര്‍ക്കാര്‍ ഓഫിസും സാധനങ്ങള്‍ ഇ-മാര്‍ക്കറ്റ് പ്ലേസില്‍നിന്ന് വാങ്ങുകയാണെങ്കില്‍ സംസ്ഥാനമൊട്ടാകെയുള്ള എല്ലാ ഓഫിസുകള്‍ക്കുമായി ആകെ എത്ര തുക അനുവദിക്കേണ്ടിവരുമെന്ന് കണക്കാക്കുകയോ നിലവിലുള്ള ചെലവുമായി താരതമ്യപഠനം നടത്തുകയോ ചെയ്തിട്ടില്ല. ഇ-ഓഫിസ് സോഫ്റ്റ്‍വെയറിന്‍റെ വരവോടെ കമ്പ്യൂട്ടർ അനുബന്ധ സ്റ്റേഷനറി സാമഗ്രികളുടെ ആവശ്യം പലമടങ്ങ് വർധിച്ചിട്ടുണ്ട്. സര്‍ക്കാറിന്‍റെ ആധുനീകരണ നയങ്ങളോട് വകുപ്പ് അനുകൂലമായി പ്രതികരിക്കുമ്പോഴും സ്റ്റേഷനറി വകുപ്പിന്‍റെ നവീകരണത്തിനും വൈവിധ്യവത്കരണത്തിനുമായി വകുപ്പ് സമര്‍പ്പിച്ചിരുന്ന പദ്ധതികളോട് സര്‍ക്കാര്‍ അനുകൂലമായല്ല പ്രതികരിച്ചിട്ടുള്ളത്. തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറാത്തപക്ഷം സ്റ്റേഷനറി വകുപ്പിലെ ജീവനക്കാര്‍ എല്ലാവരെയും അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് സ്റ്റേഷനറി വകുപ്പ് സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി ഷാജി ആല്‍ബര്‍ട്ട് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.