സമൂഹമാധ്യമത്തിൽ ആത്മഹത്യ സൂചന; ടാങ്കർ ലോറിയിൽ കാർ ഇടിപ്പിച്ച്​ പിതാവും മകനും മരിച്ചു

ആറ്റിങ്ങൽ: സമൂഹമാധ്യമത്തിൽ ആത്മഹത്യ സൂചന നൽകിയ ശേഷം ടാങ്കർ ലോറിയിൽ കാർ ഇടിപ്പിച്ച്​ പിതാവും മകനും മരിച്ചു. നെടുമങ്ങാട് കരുപ്പൂര് മല്ലമ്പറക്കോണം കേശവഭവനിൽ പ്രകാശ് (50), മകൻ ശിവദേവ് (11) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30ഓടെ ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിലായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്ന്​ തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ടാങ്കർ ലോറിയിൽ എതിർദിശയിൽനിന്ന്​ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും ലോറിയുടെ മുൻഭാഗവും തകർന്നു. നാട്ടുകാരും അഗ്നിരക്ഷസേനയും പൊലീസും സംയുക്തമായി നടത്തിയ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് കാറിനുള്ളിൽ കുടുങ്ങിയ പ്രകാശിനെയും മകനെയും പുറത്തെടുത്തത്. ഉടൻ ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാട്​സ്​ആപ് സ്റ്റാറ്റസായി പ്രകാശ് ആത്മഹത്യ സൂചന നൽകിയിരുന്നു. പ്രകാശിൽനിന്ന്​ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. വിദേശത്തുള്ള ഭാര്യയുടെ സൗഹൃദങ്ങൾ സൃഷ്ടിച്ച കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പ്രകാശ് നിലവിൽ താമസിക്കുന്നത് തിരുവനന്തപുരം പേരൂർക്കട നെട്ടയം മണികണ്​ഠേശ്വരം ഇരിക്കുന്നം റെസിഡന്‍റ്​സ്​ അസോസിയഷൻ പരിധിയിലെ വാടക വീട്ടിലാണ്. അവിടെ പൊലീസ് സ്റ്റേഷനിൽ ഭാര്യക്കെതിരെ നേരത്തേ പരാതി നൽകിയിരുന്നു. ആറ്റിങ്ങൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.