ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ മോഷണം; പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ ഹരജി ഇന്ന്​ പരിഗണിക്കും

തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ മോഷണക്കേസിൽ പ്രതിയായ മുൻ സീനിയർ സൂപ്രണ്ട്‌ ശ്രീകണ്‌ഠൻ നായരെ കസ്റ്റഡിയിൽ വീട്ടുകിട്ടണമെന്ന പൊലീസിന്‍റെ ഹരജി വ്യാഴാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേറ്റ്‌ 11ാം നമ്പർ കോടതിയാണ്‌ ഹരജി പരിഗണിക്കുന്നത്‌. 100 പവനിലധികം സ്വർണം മോഷ്ടിച്ച്‌ പണയപ്പെടുത്തുകയും വിൽക്കുകയും ചെയ്‌ത പ്രതിയെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച്‌ തെളിവെടുക്കേണ്ടതുണ്ട്‌. തൊണ്ടിമുതൽ പലയിടങ്ങളിൽ പണയം വെച്ചതായും വിറ്റതായും പ്രതി മൊഴി നൽകിയിട്ടുണ്ട്‌. ഇവ കണ്ടെടുക്കാൻ പ്രതിയുടെ സാന്നിധ്യം അത്യാവശ്യമാണെന്നും കൂടുതൽ വിവരങ്ങൾക്കായി വിശദമായ ചോദ്യം ചെയ്യൽ വേണമെന്നും ഹർജിയിൽ പറയുന്നു. അതേസമയം, ശ്രീകണ്ഠൻ നായർക്കെതിരെ വകുപ്പുതലത്തിലും നടപടികൾ തുടങ്ങിയിട്ടുണ്ട്‌. ഇയാളുടെ പെൻഷനും മറ്റു വിരമിക്കൽ ആനുകൂല്യങ്ങളും തടയും ഇതിനു മുന്നോടിയായി നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ്‌ നൽകരുതെന്ന്‌ ആവശ്യപ്പെട്ട്‌ സബ്‌കലക്ടർ റവന്യൂവകുപ്പിന്‌ റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.