നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ച കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണം -സി.പി.എം

തിരുവനന്തപുരം: നേമം റെയിൽവേ കോച്ച്​ ടെർമിനൽ പദ്ധതി ഉപേക്ഷിച്ച കേന്ദ്ര തീരുമാനത്തിനെതിരെ സി.പി.എം. തീരുമാനം പുനഃപരിശോധിക്കുന്നില്ലെങ്കിൽ ശക്​തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന്​ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും ​ഐ.ബി. സതീഷ്​ എം.എൽ.എയും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പദ്ധതി ഉപേക്ഷിച്ചത്​ കേരളത്തി‍ൻെറ റെയിൽവേ വികസനത്തി‍ൻെറ കാര്യത്തിൽ ആത്മഹത്യപരമായിരിക്കും. പദ്ധതി ഉപേക്ഷിച്ച വിവരം പോലും തുറന്നുപറയാതെ ജനങ്ങളെ നിരന്തരം കബളിപ്പിക്കാനാണ്​ കേന്ദ്ര സർക്കാർ ശ്രമിച്ചത്​. തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി സ്​റ്റേഷനുകളിലെ നിലവിലെ സൗകര്യം ഉപയോഗിച്ച്​ ഇനി ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാനാകില്ല. അതിനാൽ നേമം ടെർമിനൽ ഒരു കാരണവശാലും ഉപേക്ഷിക്കാൻ പാടില്ല. ഉപേക്ഷിച്ച തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. റെയിൽവേ അം​ബ്രല്ലാ വർക്കി‍ൻെറ ഭാഗമായി 2019 മാർച്ചിൽ നേമം റെയിൽവേ കോച്ച്​ ടെർമിനൽ പദ്ധതിക്ക്​ തറക്കല്ലിട്ടല്ലാതെ ഒരടിപോലും മുന്നോട്ടുപോയില്ല. ഇത്​ കടുത്ത വഞ്ചനയാണ്​. എക്കാലവും റെയിൽവേ മേഖലയിൽ കേരളത്തെ അവഗണിക്കുന്ന സമീപനമാണ്​ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്​. നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ച വിഷയത്തിൽ ജില്ലയിലെ രണ്ട്​ കോൺഗ്രസ്​ എം.പിമാരും ഇതേവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. സംസ്ഥാനത്തി‍ൻെറ വികസനത്തിൽ ഒട്ടും താൽപര്യമില്ലാത്ത ഇവർ വികസനം മുടക്കാനാണ്​ ശ്രമിക്കുന്നത്​. പദ്ധതി ഉപേക്ഷിച്ച വിഷയത്തിൽ ബി.ജെ.പി നേതൃത്വം പ്രതികരിക്കണം. കേന്ദ്ര സർക്കാറി‍ൻെറ അവഗണനക്കെതിരെ ഘടകകക്ഷികളുമായി ആലോചിച്ച്​ സമരം തുടങ്ങുമെന്നും നേതാക്കൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.