വിദ്യാർഥികൾ സാമ്പത്തിക സാക്ഷരത നേടേണ്ടത് അത്യന്താപേക്ഷിതം -കലക്ടർ

തിരുവനന്തപുരം: സാമ്പത്തിക വിഷയങ്ങളിലും മൂലധന വിപണിയിലുമുള്ള അവസരങ്ങളെക്കുറിച്ച്​ വിദ്യാർഥികൾ ഉൾപ്പെടെ ഓരോ പൗരനും മനസ്സിലാക്കേണ്ടത് സമൂഹത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് കലക്ടർ ഡോ. നവ്​ജ്യോത് ഖോസ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ സംഘടിക്കുന്ന ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി ധനമന്ത്രാലയത്തിന്​ കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി ഭരണ വകുപ്പ് (ദീപം) സംഘടിപ്പിച്ച പരിപാടിയിൽ 'മൂലധന വിപണിയിലൂടെ സമ്പത്ത് സൃഷ്ടിക്കാം' എന്ന വിഷയത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. സാമ്പത്തിക സാക്ഷരതയിൽ വിദ്യാർഥികൾ അറിവ് നേടുന്നത് അവരുടെ ഭാവിജീവിതത്തിനും അതുവഴി സമൂഹത്തിനും വലിയ നേട്ടങ്ങൾ ഉണ്ടാക്കുമെന്നും കലക്ടർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തിനും കൊച്ചിക്കുമൊപ്പം രാജ്യത്തുടനീളം 75 നഗരങ്ങളിലായി ഇതേ വിഷയത്തിൽ നടന്ന ഏകദിന സമ്മേളനം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അസാപ് സി.എം.ഡി ഡോ. ഉഷ ടൈറ്റസ്, ജില്ല വികസന കമീഷണർ ഡോ. വിനയ് ഗോയൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഹെഡ് ഡോ. സി.എസ്. ഷൈജുമോൻ, ടെക്‌നോപാർക്ക് മുൻ സി.ഇ.ഒ ജി. വിജയരാഘവൻ, ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട് കേരള റീജനൽ ഹെഡ് എസ്. സന്ദീപ്, സെൻട്രൽ ഡെപ്പോസിറ്ററി സർവിസസ് ഇന്ത്യ ലിമിറ്റഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ടി. ഷിബുനാഥ്, നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് ചീഫ് മാനേജർ ആനന്ദ് ഷെയോൺ എന്നിവര്‍ സംസാരിച്ചു. DIPAM സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കലക്ടർ ഡോ. നവ്​ജ്യോത് ഖോസ ചടങ്ങിന് തിരിതെളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.