കുട്ടിയല്ല, പുള്ളിക്കാരി സ്റ്റാറാണ്

തിരുവനന്തപുരം: മുമ്പൊക്കെ സ്കൂൾ തുറക്കുന്നുവെന്ന് കേൾക്കുമ്പോൾ വലിയ പുതുമയൊന്നും സ്നേഹയുടെ മുഖത്ത് വരാറില്ല. ഹോ ഇനിയും പഠിക്കണമല്ലോ എന്ന ചിന്തയാണ് മനസ്സ്​ നിറയെ. പക്ഷേ, ഇത്തവണ അങ്ങനെയല്ല. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതോടെ സ്കൂൾ തുറക്കുന്നതും കാത്തിരിക്കുകയായിരുന്നു ഈ മിടുക്കി. ബുധനാഴ്ച കോട്ടൺഹിൽ സ്കൂളിലേക്കുള്ള സ്നേഹയുടെ വരവ് ഒരു ഒന്നൊന്നര 'മാസ് എൻട്രി'യായിരിക്കും. ബുധനാഴ്ച കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടശേഷമായിരിക്കും സ്നേഹ അനു കോട്ടൺഹിൽ സ്കൂളിലെ ഒമ്പതാം ക്ലാസിലെത്തുക. സ്കൂളിലും താരത്തിനായി വൻ വരവേൽപാണ് സുഹൃത്തുകളും അധ്യാപകരും ഒരുക്കിയിരിക്കുന്നത്. കോർപറേഷൻ സ്വീപ്പർ ജീവനക്കാരനായ കെ.എൻ. അനുവിന്‍റെയും എം.എസ്. നിഷയുടെയും മകളായ സ്നേഹ, ഖയസ് മിലൻ സംവിധാനം ചെയ്ത 'തല' എന്ന ചിത്രത്തിലെ മല്ലു എന്ന കഥാപാത്രത്തിലൂടെയാണ് പുരസ്കാരത്തിലേക്ക് നടന്നുകയറിയത്. ദാരിദ്ര്യത്തിന്‍റെ ഇരുട്ടിൽനിന്ന് നേടിയ പുരസ്കാരലബ്​ധി രാജാജി കോളനിക്കാർക്കൊപ്പം തലസ്ഥാനം മൊത്തം പിന്നീടങ്ങോട്ട് ആഘോഷമാക്കുകയായിരുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, ഗതാഗതമന്ത്രി ആൻറണി രാജു, മേയർ ആര്യ രാജേന്ദ്രൻ, സിനിമ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ അഭിനന്ദനവുമായി രാജാജി നഗർ കോളനിയിലെ ഫ്ലാറ്റ് നമ്പർ ബി-മൂന്നിലേക്ക് എത്തി. ചൊവ്വാഴ്ച നടൻ മണിയൻപിള്ള രാജുവടക്കമുള്ള താരനിരയും സ്നേഹയെ അനുമോദിക്കാനെത്തി. പന്ന്യൻ രവീന്ദ്രൻ ഫൗണ്ടേഷന്‍റെ (പി.ആർ ഫൗണ്ടേഷൻ) ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. മികച്ച ബാലതാരമായി തെരഞ്ഞെടുത്ത സ്നേഹ അനു നാളത്തെ ദേശീയ നടിക്കുള്ള അവാർഡ് നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ഒരുകാലത്ത് തന്‍റെ മെക്കിട്ടുകേറാൻ വരുന്നവരെ താൻ ചെങ്കൽച്ചൂളക്കാരനാണെന്ന് പറഞ്ഞാണ്​ വിരട്ടി ഓടിച്ചിരുന്നത്. 'മൊട' കാണിക്കാൻ വരുന്നവർ അതോടെ വാലു ചുരുട്ടി പൊയ്ക്കോളും. ഭീഷണിപ്പെടുന്നവരെ ചെങ്കൽച്ചൂളയിലേക്ക്​ വാടാ കാണിച്ചുതരാം എന്നാണു പറഞ്ഞിരുന്നത്.' ഇപ്പോൾ ചെങ്കൽച്ചൂളയല്ല. പേരുമാറ്റി രാജാജി നഗറായി. ഫോട്ടോജനിക് ആയ മുഖമാണ് സ്നേഹയുടേത്. ഭാവങ്ങളും എളുപ്പത്തിൽ ചെയ്യാനാകുന്നുണ്ടെന്നും മണിയൻപിള്ള അറിയിച്ചു. പി.ആർ ഫൗണ്ടേഷൻ ചെയർമാൻ സബീർ തിരുമല അധ്യക്ഷത വഹിച്ചു. സിനിമാതാരങ്ങളായ മണിയൻപിള്ള രാജു, മായാ വിശ്വനാഥ് എന്നിവർ ചേർന്ന് പുരസ്കാരവും പൊന്നാടയും നൽകി. എ.സി.പി പൃഥ്വിരാജ്, പന്ന്യൻ രവീന്ദ്രൻ, എ.എം. ബിനോയ്, അതുൽ പി.വി, ഡോ. വിജിൻ രാജ്, രഞ്ജിത്ത്, അരുൺ, ദീപേഷ്, രാധാകൃഷ്ണൻ, ഡോ. അസ്‌ലം, എ. അബ്ദുൽ ഖാദർ, വാർഡ് കൗൺസിലർ ഹരികുമാർ എന്നിവർ സംസാരിച്ചു. -സ്വന്തം ലേഖകൻ കാപ്​ഷൻ IMG-20220531-WA0033 നടൻ മണിയൻപിള്ള രാജു, മായ വിശ്വനാഥ്, പന്ന്യൻ രവീന്ദ്രൻ, സബീർ തിരുമല എന്നിവർ ചേർന്ന് സ്നേഹ അനുവിന് പുരസ്‌കാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.