ആർ.ഡി.ഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വർണവും പണവും കാണാതായി വൻതിരിമറി; സംഭവം സ്ഥിരീകരിച്ച്​ ആർ.ഡി.ഒ

തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വർണവും പണവും കാണാതായി; സംഭവം ആർ.ഡി.ഒ മാധവിക്കുട്ടി സ്ഥിരീകരിച്ചു. സ്വർണം നഷ്ടപ്പെട്ടത് തന്‍റെ കാലത്തല്ലെന്നും 2010 നും 2019 നും ഇടയിലുള്ള കാലത്താണെന്നും അവർ വിശദീകരിക്കുന്നു. ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ആർ.ഡി.ഒ വ്യക്തമാക്കി. ഇതുസംബന്ധിച്ച വിവരം സിറ്റി പൊലീസ്​​ കമീഷണർക്ക്​ ലഭിച്ചതായും അറിയുന്നു. എന്നാൽ, ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ്​ പൊലീസ്​ വൃത്തങ്ങൾ പറയുന്നത്​. തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ്​ കാണാതായത്. അസ്വാഭാവിക മരണം ഉൾപ്പെടെയുണ്ടാകുമ്പോൾ ആർ.ഡി.ഒ ഇൻക്വസ്റ്റ്​ നടപടികൾ പൂർത്തിയാക്കിയശേഷം തൊണ്ടിമുതലായി സൂക്ഷിക്കുന്ന സ്വർണവും പണവുമാണ്​ മോഷണം പോയതെന്നാണ്​ വിവരം. 2011ല്‍ മരിച്ച മുരുക്കുംപുഴ സ്വദേശിനിയുടെ ബന്ധുക്കള്‍ സ്വർണത്തിനായി സമീപിച്ചപ്പോഴാണ്​ സ്വര്‍ണത്തില്‍ കുറവ് വന്നതായി കണ്ടത് . ഇതോടെ വർഷങ്ങൾ പഴക്കമുള്ള രജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കാന്‍ ആർ.ഡി.ഒ ഉത്തരവിട്ടു. ആര്‍.ഡി.ഒയുടെ സമയോചിതമായ ഇടപെടലാണ് സംഭവം പുറത്തറിയാൻ കാരണമായത്​. വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ, കൊലപാതകം തുടങ്ങിയ കേസുകളില്‍ മരണപ്പെട്ടവര്‍ മരണസമയത്ത് ധരിച്ചിരുന്ന ആഭരണങ്ങളും പണവുമാണ്​ കാണാതായത്. ഉദ്യോഗസ്ഥര്‍ അറിയാതെ ഈ സ്വർണവും പണവും എടുത്തുമാറ്റാന്‍ സാധിക്കില്ലെന്നാണ്​ പ്രാഥമിക നിഗമനം. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.