സെൽഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ മൂന്ന് കുട്ടികള്‍ വീണു; രണ്ടുപേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തെരച്ചിൽ

പത്തനാപുരം: ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി മൂന്ന് വിദ്യാര്‍ഥികള്‍ കല്ലടയാറ്റില്‍ വീണു. സഹോദരങ്ങളായ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. പത്തനാപുരം മൗണ്ട് താബോര്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ കോന്നി കൂടല്‍ മനോജ് ഭവനില്‍ മനോജ്, സ്മിജ ദമ്പതികളുടെ മകള്‍ അപര്‍ണ മനോജിനെയാണ് കാണാതായത്. പത്തനാപുരം വെള്ളാറമണ്‍ കടവില്‍ ശനിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. സഹപാഠിയായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപര്‍ണ. അനുഗ്രഹയുടെ സഹോദരന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അഭിനവും ഒന്നിച്ചാണ് കല്ലടയാറിന്‍റെ തീരത്ത് ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇറങ്ങിയത്. ഇതിനിടെ അനുഗ്രഹയും അപര്‍ണയും ആറ്റില്‍ വീണു. രക്ഷപ്പെടുത്താനായി അഭിനവും ആറ്റിലേക്ക് ചാടി. ശക്തമായ ഒഴുക്കിൽ മൂന്ന് പേരും താഴേക്ക് പോയി. ആറ്റിലേക്ക് വീണ് കിടന്ന മരക്കമ്പില്‍ പിടിച്ച് അഭിനവ് രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ പാറക്കെട്ടില്‍ അവശനിലയില്‍ അനുഗ്രഹയെ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ അപര്‍ണക്കായി ആറ്റില്‍ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആവണീശ്വരത്തുനിന്ന്​ ഫയര്‍ഫോഴ്സും സ്കൂബാ ടീമും എത്തി തെരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകളോളം തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. പടം.....അപര്‍ണക്കായി കല്ലടയാറിന്‍റെ വെള്ളാറമണ്‍ കടവില്‍ ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.