കെ.എസ്. ശ്രീജിത്ത് തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ജയിക്കാൻ എൽ.ഡി.എഫ് നേതൃത്വം എല്ലാ അടവും പയറ്റുമ്പോൾ ശക്തി തെളിയിക്കാൻ അണിയറയിൽ ഒരുങ്ങുകയാണ് മുന്നണിയിലെ ചെറുകക്ഷികൾ. സി.പി.എമ്മിനും സി.പി.ഐക്കും കേരള കോൺഗ്രസ് (എം) നും പിന്നിൽ വിലപേശൽ ശക്തിയാകാൻ കോപ്പുകൂട്ടുകയാണ് എൻ.സി.പിയും ജനതാദൾ (എസ്) ഉം. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏത് വിധേനയും സീറ്റ് കരസ്ഥമാക്കാൻ ലക്ഷ്യമിട്ടാണ് ഇരു കക്ഷികളുടെയും നീക്കം. എൻ.സി.പിക്ക് ദേശീയ പാർട്ടിയെന്ന ലേബൽ മുതൽകൂട്ടാണ്. ശരത് പവാർ എന്ന അതികായന്‍റെ തണലും നിലവിൽ മഹാരാഷ്ട്രയില ഭരണവും ഉപയോഗിക്കുകയാണ് സംസ്ഥാന എൻ.സി.പി നേതൃത്വം. കോൺഗ്രസും മറ്റ് കക്ഷികളും വിടുന്നവരെ എൻ.സി.പിയിലേക്ക് കൊണ്ടുവരുന്ന സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോയുടെ ലക്ഷ്യവും പാർലമൻെറ് തെരഞ്ഞെടുപ്പാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിയ ശരത് പവാർ ദേശീയ നേതൃത്വത്തിന്‍റെ ഉള്ളിലിരിപ്പ് പരസ്യമാക്കിയതും വെറുതെയല്ല. മഹാരാഷ്ട്രയിൽ തങ്ങളുടെ ജയത്തിനും എതിരാളിയുടെ തോൽവിക്കും എൻ.സി.പി സഹായം കൂടിയേ തീരൂവെന്ന് സി.പി.എം നേതൃത്വത്തിന് അറിയാം. ഇതാവും എൻ.സി.പിയുടെ വിലപേശൽ ശക്തി. നേരത്തേ പല പ്രാവശ്യം അലസിപ്പോയ എൽ.ജെ.ഡിയുമായുള്ള ലയനം യാഥാർഥ്യമാക്കിയാണ് ജെ.ഡി.എസ് ശക്തി പ്രകടനത്തിന് ഒരുങ്ങുന്നത്. ഭാരവാഹിത്വത്തിന്‍റെ പേരിലാണ് ഇരുപാർട്ടികളും തമ്മിലുള്ള ചർച്ച ധാരണയിലെത്താതെ പോയത്. പാർട്ടി അധ്യക്ഷ സ്ഥാനം ചോദിച്ച എൽ.ജെ.ഡിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ദൾ സംസ്ഥാന നേതൃത്വം അറിയിക്കുകയായിരുന്നു. എച്ച്.ഡി. ദേവഗൗഡയും ഇതിന് പൂർണമായും എതിരായിരുന്നു. നേതാക്കളും പ്രവർത്തകരും ഒരുപോലെ കൊഴിഞ്ഞ് പോവുന്ന എൽ.ജെ.ഡിക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് ജെ.ഡി.എസിന്. ഒടുവിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ദൾ- എൽ.ജെ.ഡി ലയനത്തിന് ധാരണയിലെത്തി. ഇതുപ്രകാരം പത്ത് സംസ്ഥാന ഭാരവാഹിത്വം പരസ്പരം പങ്കുവെക്കും. അധ്യക്ഷ സ്ഥാനം എൽ.ജെ.ഡി കൈവശം വെക്കും. സീനിയർ വൈസ് പ്രസിഡന്‍റ്, സെക്രട്ടറി ജനറൽ സ്ഥാനം എൽ.ജെ.ഡിക്കും ലഭിക്കും. ദളിന് രണ്ട് എം.എൽ.എമാരും എൽ.ജെ.ഡിക്ക് ഒന്നുമാണ് ഉള്ളത്. ലയനശേഷം മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിൽ ചർച്ച നടന്നിട്ടില്ല. ജൂൺ മൂന്നിന് ചേരുന്ന എൽ.ജെ.ഡി സംസ്ഥാന സമിതി യോഗത്തിന്‍റെ അനുമതിക്ക് ശേഷമാവും ലയനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.