നിർമാണം നടക്കുന്ന കണിമംഗലം പാലം
തൃശൂർ: സംസ്ഥാനത്തെ മാതൃക റോഡുകളിൽ പ്രഥമ റോഡ് ജില്ലയിൽ ഒരുങ്ങുകയാണ്. ചരിത്ര പ്രസിദ്ധമായ മുസിരിസിൽ തുടങ്ങി തൃശൂർ കൂർക്കഞ്ചേരി വരെ 34.35 കിലോമീറ്ററിലാണ് അത്യാധുനിക നവീകരണം നടക്കുന്നത്. കൊടുങ്ങല്ലൂർ ബി.എസ്.എൻ.എൽ ജങ്ഷൻ മുതൽ തൃശൂർ കൂർക്കഞ്ചേരി വരെ എട്ട്മീറ്റർ വീതിയിൽ 45 സെന്‍റിമീറ്റർ കനത്തിലാണ് കോൺക്രീറ്റ് റോഡ് പണിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ജില്ലയിലെ മികച്ച റോഡുകളിൽ ഒന്നായിരുന്ന കൊടുങ്ങല്ലൂർ-ഷൊർണൂർ പാതക്ക് തുടർച്ചയായ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ കേടുപാടു പറ്റിയിരുന്നു. ഈ റോഡാണ് 30 വർഷം വരെ ഒരു കേടുപാടുമില്ലാതെ നിലനിൽക്കുന്ന രീതിയിലേക്ക് പരിവർത്തിപ്പിക്കുന്നത്. ടാറിന് പകരം കോൺക്രീറ്റ് ഉപയോഗിക്കുന്നതിനാൽ 'വെള്ള പാത'യാണ് ഒരുങ്ങുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. റോഡ് നവീകരണത്തിന്‍റെ ഭാഗമായി ഗതാഗത നിയന്ത്രണം തുടരുകയാണ്. പാലക്കൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ആനക്കല്ല് വഴി പൂച്ചുണ്ണിപാടത്തേക്ക് എത്തുന്ന രീതിയിലാണ് തിരിച്ചുവിടുന്നത്.
•വൈറ്റ് ടോപിങ് റോഡ്
തൃശൂർ: റോഡ് നിര്‍മാണത്തിലെ നൂതന സാങ്കേതികവിദ്യയായ വൈറ്റ് ടോപിങ് റോഡാണ് അണിയറയിൽ ഒരുങ്ങുന്നത്. 30വർഷം വരെ കേടുപാടുകളില്ലാതെ നിലനിൽക്കുമെന്നാണ് പ്രത്യേകത. കേരളത്തിന്‍റെ കാലാവസ്ഥക്ക് അനുയോജ്യവുമാണ് എന്നാണ് അവകാശവാദം. ബംഗളൂരുവിലും മറ്റും ഉപയോഗിക്കുന്ന ഈ സംവിധാനം കേരളത്തിൽ വ്യാപകമാക്കുകയാണ്. ഇതനുസരിച്ച് രണ്ട് തരത്തിൽ കോൺക്രീറ്റിങ് നടക്കും. പാതയുടെ അടിത്തറ ഉറപ്പിച്ചതിന് പിന്നാലെ ആദ്യഘട്ടത്തിൽ 15 സെന്‍റിമീറ്ററിൽ ഡ്രൈവ് ലീൻ കോൺക്രീറ്റിങും (ഡി.എൽ.സി) തുടർന്ന് 30 സെന്‍റിമീറ്ററിൽ മുഖ്യ കോൺക്രീറ്റിങും നടക്കും. ഇതിന് പേവിങ് ക്വാളിറ്റി കോൺക്രീറ്റിങ് (പി.ക്യു.സി) എന്നാണ് അറിയപ്പെടുന്നത്.
നേരത്തെ വൈറ്റ് ടോപിങ് റോഡ് നിർമാണം കേരളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം കിലോമീറ്റർ റോഡ് നിർമാണം ഇത് ആദ്യമാണെന്ന അവകാശവാദമാണ് അധികൃതർക്കുള്ളത്.
•ചെലവ് 203 കോടി
തൃശൂർ: 203 കോടിയിൽ അടിമുടി നവീകരണമാണ് പാതയിൽ നടക്കുക. വിദേശ സഹായമാണ് ഇതിനായി സർക്കാർ വിനിയോഗിക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പശ്ചാത്തല വികസനത്തിനായി ജർമൻ ബാങ്കായ കെ.എഫ്.ഡബ്ല്യുവാണ് പണം നൽകുന്നത്. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) ആണ് നവീകരണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഡൽഹി ഫരീദാബാദിലെ കമ്പനിക്കാണ് നിർമാണ ചുമതല. 2021 സെപ്റ്റംബറിലാണ് നിർമാണ പ്രവർത്തനത്തിന് അനുമതി നൽകിയതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഏറെ വൈകിയാണ് തുടങ്ങിയത്. 2023 സെപ്റ്റംബറിൽ പണി പൂർത്തിയാക്കണമെന്നാണ് കരാറിലുള്ളത്. നേരം വൈകി തുടങ്ങിയതിനാൽ പണി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരും.
•ആദ്യ റീച്ച് 2.9 കിലോമീറ്റർ
തൃശൂർ: നിലവിൽ 2.9 കിലോമീറ്റർ വരുന്ന ആദ്യ റീച്ചിന്‍റെ നവീകരണമാണ് നടക്കുന്നത്. പാലക്കൽ മുതൽ പെരുമ്പിള്ളിശേരി വരെയുള്ള ഭാഗത്ത് റോഡിന്‍റെ ഒരുഭാഗം മുഴുവനായും അടിത്തറയോടു കൂടി ടാർ അടക്കം നീക്കി കഴിഞ്ഞു. തുടർന്ന് ഈ റീച്ചിൽ പാലക്കൽ മുതൽ ചൊവ്വൂർ ഭാഗം വരെ ഡ്രൈവ് ലീൻ കോൺക്രീറ്റിങ് കഴിഞ്ഞിട്ടുണ്ട്. ശേഷം പേവിങ് ക്വാളിറ്റി കോൺക്രീറ്റിങ് (പി.ക്യു.സി) സമയബന്ധിതമായി നടക്കും. പ്രളയ സാധ്യതകളെ ചെറുക്കാൻ മികച്ച കാനകളും റോഡിൽ ഇരു അറ്റങ്ങളിൽ 2.5 ശതമാനം ചെരിവും ഉറപ്പാക്കും.
•19.6 കോടി
തൃശൂർ: നവീകരിക്കുന്ന റോഡിൽ കുടിവെള്ള പൈപ്പുകൾ നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ 19.6 കോടി രൂപ വാട്ടർ അതോറിറ്റിക്ക് നൽകി കഴിഞ്ഞു. കൂടാതെ ഇതര കേബിളുകൾ അടക്കം മാറ്റി സ്ഥാപിക്കുന്നതിനും അനുമതിയുണ്ട്.
•60 ഓവുചാലുകളും ഏഴ് ചെറിയ പാലങ്ങളും നവീകരിക്കും
തൃശൂർ: കണിമംഗലം പാലം അടക്കം ഏഴു ചെറിയ പാലങ്ങളും 60 ഓവുചാലുകളുമാണ് 34.35 കിലോമീറ്റർ റോഡിലുള്ളത്. വെള്ളത്തിന്‍റെ സ്വാഭാവിക നീരൊഴുക്കിന് അനുസരിച്ച് ഇവ നവീകരിക്കുന്ന പ്രക്രിയ നടക്കുകയാണ്. കണിമംഗലത്ത് പുതിയ റോഡ് ഒരുക്കി പഴയ പാലം പൂർണമായി തകർത്ത് പുതിയ പാലത്തിന്‍റെ നിർമാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. വെള്ളാങ്ങല്ലൂർ, കോണത്തകുന്ന് ഭാഗങ്ങളിലും ഓവുചാലുകൾ അടക്കം നവീകരിക്കുന്നുണ്ട്.
•രണ്ടര മീറ്റർ പാലം നിർമാണം: ധാരണ മാറ്റി
തൃശൂർ: കരുവന്നൂർ വലിയ പാലത്തിനടുത്തുള്ള വാട്ടർ അതോറിറ്റി പമ്പ്ഹൗസിന് മുൻവശത്ത് രണ്ടര മീറ്റർ ഉയരത്തിൽ ചെറിയ പാലം നിർമിക്കാനുള്ള ധാരണ മാറ്റി. റോഡിൽ കെട്ടികിടക്കുന്ന മഴവെള്ളം പുഴയിലേക്ക് തിരിച്ചു വിടുന്നതിനായി റോഡിനടിയിലൂടെ ഒരുമീറ്റർ സ്പാനിൽ ഓവുചാൽ അടുത്തിടെ നിർമിച്ചിരുന്നു. ഇത് ഒരു ചെറിയ പാലമായി രൂപാന്തരപ്പെടുത്താനായിരുന്നു പദ്ധതി. രണ്ടര മീറ്റർ ഉയരമുള്ള റോഡ് ഇവിടെയുള്ള നാല് വീടുകളുടെ ഗേറ്റുകൾ അടച്ചുകെട്ടുന്ന സാഹചര്യമാണ് ഉണ്ടാവുക. എൻ.എം. അബ്ദുറസാഖ്, എം.ഡി. പോൾ, രാജു, അബ്ദുള്ളക്കുട്ടി എന്നിവരുടെ വീടുകൾ റോഡിനെ അപേക്ഷിച്ച് ഏറെ താഴെ ആവുമായിരുന്നു. രോഗികൾ അടക്കമുള്ള വീട്ടുകാർക്ക് ഇത് ഏറെ ദോഷമാവും. ഇതോടെ ഇവർ നൽകിയ പരാതിയിൽ നഗരസഭയും എം.എൽ.എയും കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ 50 സെന്‍റിമീറ്ററിലേക്ക് ഇതിന് രൂപമാറ്റം വരുത്തുന്നതിന് ഉന്നതതലത്തിൽ തത്ത്വത്തിൽ ധാരണയായിട്ടുണ്ട്. അതേസമയം ഇത് സംബന്ധിച്ച് ഇതുവരെ ചീഫ് എൻജിനീയറുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.