കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയ കൊരട്ടിക്കാരൻ ആൻഡ്രൂസിന്റെ കൃഷിയിടം
അതിരപ്പിള്ളി: കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി മലയോര മേഖല. പ്രത്യേകിച്ച് ചാലക്കുടി വനം ഡിവിഷനോട് ചേർന്ന ഭാഗത്താണ് കാട്ടാന അടക്കമുള്ള വന്യജീവികളുടെ ആക്രമണം രൂക്ഷമാകുന്നത്. രണ്ടു വിലപ്പെട്ട ജീവനുകളാണ് ഇവിടെ മാത്രം സമീപകാലത്തായി നഷ്ടപ്പെട്ടത്.
ഇവിടത്തെ ജനവാസമേഖലയിലേക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ ഇറങ്ങിവരികയാണ്. വൻ കൃഷിനാശവും ജീവനാശവുമാണ് അതിരപ്പിള്ളി പഞ്ചായത്തിലും കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലും ആവർത്തിക്കുന്നത്. വനത്തിനുള്ളിലേക്ക് കാട്ടാനകളെയും മറ്റും തുരത്തുന്നതിൽ വനം വകുപ്പ് പരാജയപ്പെടുന്നതായാണ് നാട്ടുകാരുടെ ആരോപണം. ഇവരുടെ നിരന്തര പരാതികൾക്ക് ശാശ്വത പരിഹാരം അകലെയാണ്.
വനമേഖലയിൽനിന്ന് ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങിവരുന്നത് തടയുന്ന വൈദ്യുത വേലികളുടെ നിർമാണം പല സ്ഥലത്തും പൂർത്തിയായിട്ടില്ല. ചിലയിടങ്ങളിൽ ഇവ തകർന്നു കിടക്കുന്നതും കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നതിന് കാരണമാകുന്നു. കാട്ടാന ആക്രമണം അവസാനിപ്പിക്കാൻ വനപാലകരിൽനിന്ന് നീതി ലഭിക്കാത്തതിനാൽ ഇവിടെ പ്രദേശവാസികൾ സ്വയം പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ്. അത്തരം ശ്രമത്തിനിടയിലാണ് പാവപ്പെട്ട കർഷകനായ മോഹനൻ ശനിയാഴ്ച പുലർച്ചെ ദാരുണമായി കൊല്ലപ്പെട്ടത്. നാട്ടുകാർക്കെല്ലാം വേണ്ടപ്പെട്ടവനായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വൈശ്ശേരി, വെറ്റിലപ്പാറ ഭാഗത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങിവരുന്ന കാട്ടാനകളെ കാടിനുള്ളിലേക്ക് തുരത്തിവിടാനുള്ള ശ്രമങ്ങൾ നടന്നു വന്നിരുന്നത്.
കാട്ടാന ഇറങ്ങിയ വിവരം മറ്റുള്ളവർ അറിയിച്ചതിനെ തുടർന്ന് പുറത്തേക്കിറങ്ങിച്ചെന്ന ഇദ്ദേഹത്തെ വീടിന് സമീപം കാട്ടാന വകവരുത്തുകയായിരുന്നു. ഒരു രക്ഷകനെ നഷ്ടപ്പെട്ട നടുക്കത്തിലാണ് പ്രദേശവാസികൾ. പ്രദേശത്ത് എത്രയോ നാളുകളായി കാട്ടാനശല്യം തുടരുകയാണ്. ഓരോ രാത്രിയിലും ഓരോ കൃഷിയിടത്തും കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങിവന്ന് നാശം വിതക്കുകയാണ്.
കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഇവരുടെ ഭൂമിയിലെ വാഴ, തെങ്ങ്, കവുങ്ങ് എന്നിവ ഒന്നും അവശേഷിക്കാതെ നശിപ്പിക്കുകയാണ്. പ്ലാവിൽ ചക്കയുണ്ടായാൽ ഒന്നും ശേഷിക്കാതെ തിന്നുതീർക്കും. രാത്രി ശബ്ദം കേട്ടാൽ വീടിന് പുറത്തിറങ്ങാതെ ഭയന്നുവിറച്ച് കഴിയുകയാണ് പ്രദേശവാസികൾ. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കോടശ്ശേരി പഞ്ചായത്തിൽ ഒരു വയോധികനെ കാട്ടാന ആക്രമിച്ച് കൊന്നത്. പുലർച്ച വഴിയിലൂടെ നടന്നുവന്ന ഇദ്ദേഹത്തെ കാട്ടാന കൊല്ലുകയായിരുന്നു. ഇതേ തുടർന്ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ചായ്പൻകുഴി മാതൃക ഫോറസ്റ്റ് സ്റ്റേഷൻ അടിച്ചുതകർത്തിരുന്നു. പ്രതിഷേധങ്ങൾ മുറുകുമ്പോഴും കാട്ടാന ആക്രമണങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ല.
കോടശ്ശേരിയിലെ പീലാർമുഴി മേഖലയിൽ കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. ഇവയെ കാട്ടിലേക്ക് ഓടിച്ചുവിടാൻ വനപാലകർക്ക് കഴിയുന്നില്ല. രാത്രിയും പകലും കാട്ടാനകളെ ഭയന്നു കഴിയുകയാണ് ജനങ്ങൾ. വെള്ളിയാഴ്ച കൃഷിയിടങ്ങളിൽ കാട്ടാന നാശം വരുത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ കൊരട്ടിക്കാരൻ ആൻഡ്രൂസിന്റെ തെങ്ങും വാഴയും പ്ലാവിലെ ചക്കയും കാട്ടാന നശിപ്പിച്ചു. കറുകണ്ടത്തിൽ സുകുവിന്റെ 20ഓളം വാഴകളും പ്ലാവുകളും നശിപ്പിച്ചു. പീലാർമുഴിയിൽ കാട്ടാന ആക്രമണം ഉണ്ടാകുമ്പോൾ അകലെയുള്ള വെറ്റിലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകർ എത്തണമെന്നത് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.