കാട്ടാന തകർത്ത തറയ്ക്ക് മുന്നിൽ നബീസ

വീടിന്‍റെ തറ കാട്ടാനകൾ തകർത്തു; നിസ്സഹായതയോടെ വീട്ടമ്മ

അതിരപ്പിള്ളി: വീടിന്‍റെ തറ നിർമാണം പൂർത്തിയായ അന്ന് രാത്രി തന്നെ കാട്ടാന വന്ന് തട്ടി തകർത്തു. അതിരപ്പിള്ളി പഞ്ചായത്തിലെ പുളിയിലപ്പാറയിൽ നബീസക്കാണ് ഈ ദുര്യോഗം.

രണ്ട് വർഷം മുമ്പ് കാടിനുള്ളിൽ അപകടത്തിൽ മരിച്ച പരിസ്ഥിതി പ്രവർത്തകൻ ബൈജു വാസുദേവന്‍റെ മാതാവാണ് നബീസ. നേരത്തെ ഉണ്ടായിരുന്ന വീട് ജീർണിച്ചതിനെ തുടർന്നാണ് 400 സ്ക്വയർ ഫീറ്റിൽ പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. അതിരപ്പിള്ളി പഞ്ചായത്തിൽ നിന്ന് കിട്ടുന്ന ഒരു ലക്ഷം രൂപ സഹായധനത്തിലാണ് നബീസ സ്വന്തം മോഹം കെട്ടി പൊക്കാൻ ഒരുങ്ങിയത്.

അഡ്വാൻസായി കിട്ടിയ 50,000 രൂപ ഉപയോഗിച്ചാണ് തറകെട്ട് ആരംഭിച്ചത്. തറ പൂർത്തിയാക്കിയാൽ മാത്രമേ ബാക്കി 50,000 രൂപ ലഭിക്കൂ. കഴിഞ്ഞ നാലഞ്ചു ദിവസമായി തറകെട്ട് ഉത്സാഹിച്ച് തീർക്കാനുള്ള തിരക്കിലായിരുന്നു നബീസ. അവസാനം ബെൽറ്റ് വാർക്കയും പൂർത്തിയാക്കിയ ആശ്വാസത്തിൽ പിറ്റേ ദിവസം എത്തിയപ്പോഴാണ് രാത്രി തറ കാട്ടാനകൾ തച്ചുതകർത്ത കാഴ്ച കണ്ട് നബീസയുടെ നെഞ്ചു തകർന്നത്. ഭർത്താവ് 14 വർഷം മരിച്ച നബീസയെ സഹായിക്കാൻ കാര്യമായി ആരുമില്ലാത്ത അവസ്ഥയാണ്.

വാഴച്ചാലിൽ വേഴാമ്പൽ സംരക്ഷകനായിരുന്ന മകൻ ബൈജു വാസുദേവൻ പെരിങ്ങൽക്കുത്തിൽ അപകടത്തിൽ മരിച്ചത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ്‌.ഒരു ലക്ഷം രൂപയ്ക്ക് വീട് നിർമിക്കാൻ കഴിയില്ലെങ്കിലും കടം വാങ്ങിയെങ്കിലും പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.

Tags:    
News Summary - wild elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.