വാടാനപ്പള്ളി: തോടുകൾ അടച്ചുകെട്ടി ദേശീയപാത-66 ബൈപാസ് നിർമാണം അശാസ്ത്രീയമായതോടെ വാടാനപ്പള്ളി പഞ്ചായത്തിലെ വിവിധ പ്രദേശം വെള്ളത്തിൽ മുങ്ങി. ഇതോടെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. ബൈപാസ് കടന്നുപോകുന്ന മേഖലയിൽ കനത്ത വെള്ളക്കെട്ടാണ്.
ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി പഞ്ചായത്തിലെ 7,9,10,11 വാർഡുകളിലെ മുട്ടുകായൽ പലയിടങ്ങളിലും നികത്തിയ അവസ്ഥയിലാണ്. ഇതോടെ വെള്ളം ഒഴുകി പോകാൻ ഇടമില്ല.
ഒട്ടേറെ ജലസ്രോതസ്സുകൾ ഉള്ള ഈ പ്രദേശത്ത് അവ കൃത്യമായി വിനിയോഗിച്ചാൽ മത്സ്യം വളർത്തലിനും മൃഗസംരക്ഷണത്തിനും നീന്തൽ പരിശീലനത്തിനും കായൽ ടൂറിസത്തിനും ഏറെ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഉപ്പുവെള്ളപ്രശ്നം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളാണ് ഇവിടെ. വളയം ബണ്ട് നിർമാണം യഥാസമയം നടക്കാത്തതിനാൽ കുടിവെള്ള ക്ഷാമവും കൃഷി നാശവും രൂക്ഷമാണ്. പട്ടികജാതി വിഭാഗവും മത്സ്യത്തൊഴിലാളികളും തിങ്ങി താമസിക്കുന്ന ഈ പ്രദേശത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പഞ്ചായത്തിലെ വെള്ളക്കെട്ട്, കുടിവെള്ളക്ഷാമം പരിഹരിക്കാനും മത്സ്യ സമ്പത്ത്, മൃഗ സംരക്ഷണം വർധിപ്പിക്കാനും നീന്തൽ പരിശീലന കേന്ദ്രം ആരംഭിക്കാനും ടുറിസം സാധ്യത പഠിക്കാനുമായി സർക്കാർ ഒരു മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന് ആവശ്യം ശക്തമാണ്.
ഈ ആവശ്യവുമായി കോൺഗ്രസ് ഒപ്പ് ശേഖരണം നടത്തി കലക്ടർക്ക് ഭീമഹർജി നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഗിൽസ തിലകൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. വി. സിജിത്ത്, മുൻ പഞ്ചായത്ത് അംഗം പി.വി. ഉണ്ണികൃഷ്ണൻ, വി.ഡി. രഘുനന്ദൻ, എ.ടി. റഫീഖ്, സുനിൽ വാലത്ത്, സുന സന്തോഷ്, ഹസീന താജു, കെ.എം.എ. റഫീഖ്, പീതാംബരൻ വാലത്ത്, ഗണേഷ് പണിക്കൻ, ചന്ദ്രൻ തിരിയാടത്ത്, ഹംസ, ഖാദർ ചേലോട്, പ്രിൻസി സുരേഷ്ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.