കോസ്റ്റൽ വാർഡന്മാർ കടലിൽ രക്ഷാപ്രവർത്തനത്തിൽ
വാടാനപ്പള്ളി: കടലിൽ അകപ്പെടുന്നവരെ ജീവൻ പണയംവെച്ച് രക്ഷിക്കുന്ന വനിതകളടക്കമുള്ള കോസ്റ്റൽ വാർഡന്മാർക്ക് മതിയായ വേതനം കിട്ടാത്തതിലും സർക്കാർ ജോലി സ്ഥിരപ്പെടുത്താത്തതിലും പ്രതിഷേധം. പലരും ജോലി മതിയാക്കി സ്ഥലംവിടുന്നു. 2018ലെ പ്രളയദുരന്തത്തിൽ മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനം സർക്കാറിന്റെ ശ്രദ്ധയിൽപെട്ടപ്പോഴാണ് രക്ഷാപ്രവർത്തനം നടത്താൻ മത്സ്യത്തൊഴിലാളി മേഖലയിൽനിന്ന് കായികശേഷിയും കടലിൽ നീന്താൻ നൈപുണ്യവുമുള്ള 177 പേരെ 2018ൽ വിവിധ സ്ഥലത്തുനിന്ന് തിരഞ്ഞെടുത്തത്.
ഇവർക്ക് തൃശൂരിലെ പൊലീസ് അക്കാദമിയിൽ നാലു മാസത്തെ പരിശീലനം നൽകി പാസിങ് ഔട്ട് പരേഡും നടത്തി. തൃശൂർ ജില്ലയിലെ അഴീക്കോട്, ചാവക്കാട് മുനക്കക്കടവ് അടക്കം സംസ്ഥാനത്തെ 18 തീരദേശ പൊലീസ് സ്റ്റേഷനുകളിലാണ് ഇവരെ നിയമിച്ചത്. ഏഴു വർഷം പിന്നിട്ടു. ഈ കാലയളവിൽ പുഴയിലും കടലിലും കൊഴിഞ്ഞുപോയേക്കാവുന്ന നിരവധി ജീവനുകളാണ് ഈ സേന ജീവൻ പണയംവെച്ച് രക്ഷപ്പെടുത്തിയത്.
വനിത കോസ്റ്റൽ വാർഡന്മാർ
ഇതുകൂടാതെ ഇന്റലിജൻസ് സമാഹരണം, ബോട്ട് പട്രോളിങ്, ബീച്ച് ഡ്യൂട്ടി, ഹാർബർ ഡ്യൂട്ടി എന്നിവയും ഇവർ ചെയ്തുവരുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും പഠനത്തിൽ ഉയർന്ന യോഗ്യതയുള്ളവരാണ്. ഇനിയും ഒരു പി.എസ്.സി പരീക്ഷ എഴുതാൻ പറ്റാത്ത അവസ്ഥയിലാണ് പലരും. നിലവിൽ 230 സ്ഥിര ഒഴിവുകളാണുള്ളത്. എന്നിട്ടും ഇവരെ സ്ഥിരപ്പെടുത്തിയിട്ടില്ല. ഏഴു വർഷം പിന്നിട്ടിട്ടും ഇവർക്ക് 70 രൂപ മാത്രമാണ് വർധിപ്പിച്ചത്. നിലവിലെ ജീവിതസാഹചര്യത്തിൽ 20,500 രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
അതുകൊണ്ടുതന്നെ ഈ കാലയളവിനിടെ 34 പേർ ജോലി അവസാനിപ്പിച്ച് പിരിഞ്ഞുപോയി. ഇപ്പോൾ അഞ്ചു വനിതകളടക്കം 143 പേർ മാത്രമാണ് ഈ സേനയിലുള്ളത്. ഇവരോടൊപ്പം പരിശീലനത്തിലുണ്ടായിരുന്ന ട്രൈബൽ വിഭാഗത്തിൽപെട്ടവരെ സർക്കാർ സ്ഥിരപ്പെടുത്തുകയും ചെയ്തു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വിവരങ്ങൾ നൽകുന്ന വിഭാഗമാണ് മത്സ്യത്തൊഴിലാളികൾ.
സ്വന്തം സൈന്യം എന്ന് വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ മക്കളായ ഇവരെ സർക്കാർ സ്ഥിരപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് ഇപ്പോഴും ജോലി തുടരുന്നത്. മതിയായ ശമ്പളം നൽകി ജോലി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സ്ഥിരപ്പെടുത്തുമെന്ന കാത്തിരിപ്പിലാണ് ഇപ്പോഴും ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.