വാടാനപ്പള്ളി: വിവിധ സ്ഥാനാർഥികളുടെ പത്രികകൾ അംഗീകരിച്ചതോടെ വാടാനപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം ആവേശത്തിലേക്ക്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് പുറമെ എസ്.ഡി.പി.ഐയും സജീവമായതോടെ ഇത്തവണ തെരഞ്ഞെടുപ്പ് രംഗം ചൂടേറും.കഴിഞ്ഞ തവണ 18 വാർഡുകൾ ഉള്ളിടത്ത് ഇത്തവണ രണ്ട് വാർഡുകൾ വർധിച്ച് 20 ആയതോടെ ഭരണ പ്രതീക്ഷയിലാണ് പാർട്ടികൾ പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്.
നിലവിൽ എൽ.ഡി.എഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് പത്ത് വാർഡുകളിൽ വിജയിച്ചാണ് ഭരണം നിലനിർത്തിയത്. ഇതിൽ ഒരു വാർഡ് സി.പി.ഐ ആണ് നേടിയത്. യു.ഡി.എഫ് 18 വാർഡുകളിൽ മത്സരിച്ചിട്ടും കോൺഗ്രസിന് ഒരു വാർഡിൽ പോലും ജയിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഘടകകക്ഷിയായ മുസ്ലിം ലീഗിന് ഒരു വാർഡിൽ ജയിക്കാൻ കഴിഞ്ഞു. ബി.ജെ.പി അഞ്ച് വാർഡുകളിൽ വിജയിച്ച് പ്രധാന പ്രതിപക്ഷമായിരുന്നു. എസ്.ഡി.പി.ഐക്കും ലീഗിനും ഒാരോ വാർഡുകളിൽ ജയിക്കാൻ കഴിഞ്ഞിട്ടും ഭരണ പ്രതീക്ഷയിലായിരുന്ന കോൺഗ്രസിന് വട്ടപൂജ്യം നേടേണ്ടി വന്നതോടെ പല ആരോപണങ്ങളും നേരിടേണ്ടി വന്നിരുന്നു.
രണ്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി മത്സര രംഗത്ത് ഉണ്ടായിട്ടും കോൺഗ്രസുകാരനായ സ്വതന്ത്രൻ വിജയിച്ചതാണ് അന്ന് കോൺഗ്രസിന് കനത്ത പ്രഹരമായത്. എന്നാൽ അതെല്ലാം മറന്നാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രവർത്തനം. കൈവിട്ട ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. അതേസമയം, ഒരു വാർഡിൽ സി.പി.എമ്മിന് വിമത ഭീഷണിയുണ്ടെങ്കിലും ഇടഞ്ഞു നിന്നിരുന്ന സി.പി.ഐയുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവസാനിപ്പിച്ച് കൺവെൻഷൻ നടത്തിയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായത്.
ഭരണം തുടരുക എന്ന ലക്ഷ്യത്തിലാണ് എൽ.ഡി.എഫ്. അതേസമയം, കഴിഞ്ഞ തവണ അഞ്ച് വാർഡുകൾ വിജയിച്ച ബി.ജെ.പി ഇത്തവണ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. കൂടുതൽ വാർഡുകളിൽ വിജയിച്ച് പഞ്ചായത്തിൽ നിർണായക ശക്തിയാകാനുള്ള ശ്രമത്തിലാണ് എസ്.ഡി.പി.ഐ. പത്രികകൾ എല്ലാം അംഗീകരിച്ചതോടെ ഡമ്മി സ്ഥാനാർഥികളെ പിൻവലിച്ച് വർഡുകൾ കേന്ദ്രീകരിച്ച് കൺവെൻഷനുകളും പൊതുയോഗങ്ങളും നടത്തി പ്രവർത്തനം ശക്തമാക്കാനാണ് മുന്നണികളുടെയും പാർട്ടികളുടെയും തീരുമാനം. ഇനിയുള്ള പ്രവർത്തനം വീറും വാശിയും നിറഞ്ഞതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.