തൃശൂർ ശക്തൻ നഗറിൽ സൗജന്യ ആൻറിജൻ പരിശോധന നടക്കുന്നിടത്തെ തിരക്ക്
തൃശൂർ: ജില്ലക്ക് വാക്സിൻ വിഹിതം ലഭിച്ചിട്ട് അഞ്ചു ദിവസമായി. കഴിഞ്ഞ 21ന് ലഭിച്ച 10,000 കോവിഷീൽഡ് വാക്സിനാണ് അവസാനം ലഭിച്ചത്. 1400 ഡോസ് വാക്സിൻ മാത്രമാണ് ശേഷിക്കുന്നത്. ജില്ലയിലെ 120 സർക്കാർ ക്യാമ്പുകളിൽ രണ്ട് ക്യാമ്പുകളിൽ മാത്രമാണ് ചൊവ്വാഴ്ച വാക്സിൻ വിതരണം നടത്തുക. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ 900 ഡോസും ബാലഭവനിൽ 500 ഡോസും മാത്രമാണ് ചൊവ്വാഴ്ച നൽകുന്നത്.
ജില്ലയിലെ 90 ക്യാമ്പുകളിലും വാക്സിൻ ശ്യൂന്യമാണ്. ബാക്കി 30 കേന്ദ്രങ്ങളിൽ പത്തിൽ താഴെ ഡോസുകളുണ്ട്. ഇവ ജില്ല കേന്ദ്രത്തിലേക്ക് ചൊവ്വാഴ്ച എത്തിക്കും. തുടർന്ന് ജില്ല തലത്തിൽ കേന്ദ്രീകൃതമായി ക്യാമ്പ് സംഘടിപ്പിച്ച് വിതരണം ചെയ്യും.
അതിനിടെ 6000 ഡോസ് കോവാക്സിൻ ചൊവ്വാഴ്ച ലഭിക്കും. കോവാക്സിൻ ആദ്യ ഡോസ് എടുത്തവർക്ക് 28 ദിവസങ്ങൾക്കു ശേഷം രണ്ടാം ഡോസ് കൊടുക്കണമെന്നിരിക്കെ 3000 ഡോസ് മാത്രമേ വിതരണം ചെയ്യാനുള്ളൂ. അതേസമയം വ്യാഴാഴ്ചയോടെ കൂടുതൽ വാക്സിൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ല ആരോഗ്യ വകുപ്പ്. അതിനിടെ വാക്സിൻ ക്യാമ്പുകളിൽ തിക്കുംതിരക്കും കൂട്ടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഓൺലൈൻ രജിസ്ട്രേഷൻ നടത്തി വരുന്നവർക്ക് അനുയോജ്യമായ സമയത്തിന് വാക്സിൻ എടുക്കാൻ എത്തിയാൽ മതി. സാമൂഹിക അകലം പാലിക്കുന്നതിനാണ് ഓൺലൈൻ രജിസ്ട്രേഷനിലേക്ക് വാക്സിനേഷൻ മാറ്റിയത്. ഇത് മനസ്സിലാക്കി കോവിഡ് പെരുമാറ്റചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. കണ്ടെയ്ൻമെൻറ് സോണിൽ നിന്നും 144 പ്രഖ്യാപിച്ച പഞ്ചായത്തുകളിൽ നിന്നും വാക്സിൻ എടുക്കാൻ ആരും വരേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.