ഹാരിസ്, ഷാലിക്
തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡിനു സമീപം യുവാവിനെ ആക്രമിച്ച് വാഹനത്തിന്റെ താക്കോലും സ്വർണ മാലയും മൊബൈൽ ഫോണും കവർച്ചചെയ്ത കേസിൽ പ്രതികൾ പൊലീസ് പിടിയിലായി. കയ്പമംഗലം കൂരിക്കൂഴി തിണ്ടിക്കൽ വീട്ടിൽ ഹാരിസ് (27), അഴീക്കോട് ബീച്ച് വാഴക്കാലയിൽ വീട്ടിൽ ഷാലിക് (33) എന്നിവരെയാണ് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഷാഡോ പൊലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ജനുവരി 27ന് പുലർച്ച അഞ്ചോടെയാണ് സംഭവം. ശക്തൻ ബസ് സ്റ്റാൻഡിനു സമീപം തൊഴിലാളികളെ കാത്തുനിൽക്കുകയായിരുന്ന അയ്യന്തോൾ സ്വദേശിയുടെ സമീപം പ്രതികൾ രണ്ടുപേരും വന്ന് വിശേഷങ്ങൾ ചോദിച്ച് അടുത്തുകൂടുകയും പെട്ടെന്ന് അയാളെ ആക്രമിച്ച് കഴുത്തിലണിഞ്ഞ സ്വർണമാല പൊട്ടിച്ചെടുക്കുകയും വാഹനത്തിന്റെ താക്കോലും മൊബൈൽ ഫോണും കവർന്ന് കടന്നുകളയുകയുമായിരുന്നു.
ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസറ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ നഗരത്തിൽ സ്ഥാപിച്ച കാമറ ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൂടുതൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. സബ് ഇൻസ്പെക്ടർ എ.ആർ. നിഖിൽ, പി.എം. റാഫി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ. പഴനിസ്വാമി, സിവിൽ പൊലീസ് ഓഫിസർമാരായ ഇ.സി. സുധീർ, അതുൽ ശങ്കർ, പി. ഹരീഷ് കുമാർ, വി.ബി. ദീപക്, വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.