ഉണക്കുഭീഷണിയിലായ മാങ്കുറ്റിപ്പാടം പാടശേഖരത്തിലെ മുണ്ടകന്‍ കൃഷി
കൊടകര: മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിലൂടെ വെള്ളമെത്താത്തതിനെ തുടര്‍ന്ന് മാങ്കുറ്റിപ്പാടം പാടശേഖരത്തെ മുണ്ടകന്‍ കൃഷി ഉണക്കുഭീഷണിയിലായി. കനാല്‍വെള്ളം പ്രതീക്ഷിച്ച് കൃഷി ചെയ്ത 18 ഹെക്ടര്‍ നിലത്തിലെ കൃഷിയാണ് ഉണക്കുഭീഷണി നേരിടുന്നത്. മറ്റത്തൂര്‍ കൃഷിഭവന്‍ പരിധിയിലെ 17 പാടശേഖരങ്ങളില്‍ മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചു കൃഷിയിറക്കുന്ന ഏക പാടശേഖരമാണ് മാങ്കുറ്റിപ്പാടം.
ഈ പാടശേഖരത്തിനു തൊട്ടടുത്തുകൂടി വെള്ളിക്കുളം വലിയ തോട് ഒഴുകുന്നുണ്ടെങ്കിലും തോട്ടിലെ വെള്ളം പാടശേഖരത്തിലേക്ക് എത്തിക്കാന്‍ സംവിധാനമില്ല. മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലില്‍നിന്ന് കല്ലംകുഴി തോടുവഴി എത്തുന്ന വെള്ളമാണ് മാങ്കുറ്റിപ്പാടം പാടശേഖരത്തിലെ കൃഷിക്ക് ഉപയോഗിക്കുന്നത്. കല്ലംകുഴി തോട് വറ്റിയാല്‍ ഇവിടെ ജലസേചനം പ്രതിസന്ധിയിലാകും.
മറ്റത്തൂര്‍ കനാല്‍ വഴി വെള്ളമെത്താതായിട്ട് പത്തുദിവസത്തിലേറെയായതിനാല്‍ കല്ലംകുഴി തോട് വറ്റിവരണ്ടുകിടക്കുകയാണ്. ജലസേചനം നിലച്ചതോടെ പാടം വരണ്ട് നെല്‍ച്ചെടികള്‍ ഉണക്കുഭീഷണിയിലാണ്. ചാലക്കുടി ജലസേചന പദ്ധതിക്കുകീഴിലെ വലതുകര മെയിന്‍ കനാല്‍ വഴി മറ്റത്തൂര്‍ ബ്രാഞ്ച് കനാലിലേക്ക് എത്രയും വേഗം വെള്ളമെത്തിച്ചാലേ മാങ്കുറ്റിപ്പാടം പാടശേഖരത്തെ നെല്‍കൃഷിയെ ഉണക്കുഭീഷണിയില്‍നിന്ന് രക്ഷിക്കാനാവൂ എന്ന് പാടശേഖരസമിതി സെക്രട്ടറി ശിവരാമന്‍ പോതിയില്‍ പറഞ്ഞു.
നെല്‍ച്ചെടികളില്‍ കതിരുവന്ന സമയത്ത് ജലക്ഷാമം രൂക്ഷമായതോടെ കതിരുകള്‍ പതിരായി മാറാനും വിളവ് തീരെ കുറഞ്ഞുപോകാനും ഇടവരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വന്‍തോതില്‍ കളകള്‍ മുളച്ചുപൊന്താനും കാരണമായിട്ടുണ്ട്. കനാല്‍ വഴി വെള്ളമെത്തിച്ച് മാങ്കുറ്റിപ്പാടത്തെ മുണ്ടകന്‍ കൃഷിയെ ഉണക്കുഭീഷണിയില്‍നിന്ന് രക്ഷിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.