വേലൻ, സന്തോഷ്
തൃശൂർ: വിയ്യൂർ സ്റ്റേഷൻ പരിധിയിലെ മണലാറുകാവ് ക്ഷേത്രത്തിന് സമീപത്തെ ജ്വല്ലറിയിൽനിന്ന് 5.024 കിലോ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ വരട്ടനപ്പള്ളി പനംതോപ്പ് സ്വദേശികളായ ജി. വേലൻ (32), സന്തോഷ് (23) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ നിർദേശത്തിൽ ഒല്ലൂർ അസി. കമീഷണർ സുധീരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും സാഗോക്ക് ടീം അംഗങ്ങളും ചേർന്ന് തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്.
ജനുവരി 11ന് വൈകീട്ടും പുലർച്ചയുമായാണ് കേസിനാസ്പദമായ സംഭവം. ജ്വല്ലറിയുടെ ഷട്ടർ കുത്തിത്തുറന്ന് 4.5 ലക്ഷം രൂപ വിലവരുന്ന വെള്ളിയാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. വിയ്യൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നിരവധി സി.സി ടി.വി കാമറകൾ പരിശോധിച്ചും മറ്റുമാണ് അന്വേഷണസംഘം പ്രതികളിലേക്ക് എത്തിയത്.
പ്രതിയെന്ന് സംശയിക്കുന്നയാൾ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ഉണ്ടെന്നുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം തമിഴ്നാട്ടിലെത്തി പ്രതികളെ പിടികൂടിയത്. വേലന്‍ സാമ്പത്തികബാധ്യത വന്നപ്പോൾ സന്തോഷിനെയും കൂട്ടി കേരളത്തിലെത്തി തൃശൂരിൽ സന്തോഷ് മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനത്തിന് സമീപത്തുള്ള ജ്വല്ലറി മോഷണത്തിന് തിരഞ്ഞെടുക്കുകയായിരുന്നു. വേലൻ പുതുച്ചേരി പൊലീസ് സ്റ്റേഷനിൽ അഞ്ചോളം കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വിയ്യൂർ ഇൻസ്പെക്ടർ കെ.എസ്. മിഥുൻ, സബ് ഇൻസ്പെക്ടർമാരായ എൻ. നുഹ്മാൻ, കെ.എസ്. ജയൻ, സിവിൽ പൊലീസ് ഓഫിസർ ജോൺസൺ എന്നിവരും സാഗോക്ക് സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ പി.എം. റാഫി, അസി. സബ് ഇൻസ്പെക്ടർ പി.കെ. പഴനിസ്വാമി, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജി ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ സി. ശ്രീജിത്ത്, സുനീപ്, സിംസൺ, അരുൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.