അൽത്താഫ്
തൃശൂര്‍: നഗരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 15കാരൻ അടക്കം രണ്ടുപേർ അറസ്റ്റിൽ. പൂത്തോള്‍ റെയിൽവേ കോളനിയില്‍ ഒളരിക്കര തെക്കേല്വീട്ടില് ചന്ദ്രന്റെ മകന് ശ്രീരാഗാണ് (27) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സഹോദരന് ശ്രീനേഗ് (25), സുഹൃത്ത് ഒളരി വെളുത്തൂര്‍ വീട്ടില്‍ മുരളിയുടെ മകന് ശ്രീരാജ് (24) എന്നിവർ പരിക്കുകളോടെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണം നടത്തിയ സംഘത്തലവന് ദിവാന്‍ജിമൂല കളിയാട്ടുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് അല്‍ത്താഫ് (22), പൂത്തോള്‍ സ്വദേശിയായ 15കാരൻ എന്നിവരാണ് അറസ്റ്റിലായത്. സജദ്, അജീഷ് എന്നിവരും കണ്ടാലറിയാവുന്ന രണ്ടുപേരും കേസില്‍ കൂട്ടുപ്രതികളാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ രണ്ടു പ്രതികൾ ജില്ല സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് അറസ്റ്റ് ചെയ്തത്.
ദിവാൻജിമൂലയിൽ കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തുന്നു
തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം. റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലൂടെ പുറത്തുവന്ന ശ്രീരാഗിനെയും സംഘത്തെയും അൽത്താഫിന്റെ നേതൃത്വത്തിൽ തടഞ്ഞുവെച്ച് ബാഗ് പരിശോധിക്കുകയായിരുന്നു. ദിവാന്‍ജിമൂല പരിസരത്ത് കഞ്ചാവു സംഘങ്ങള്‍ തമ്പടിക്കാറുണ്ടെന്ന് പറയുന്നു. അതുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിന് പിറകിലെന്നാണ് സൂചന.
മരിച്ചയാളും ക്രിമിനല്‍ കേസ് പ്രതിയാണെങ്കിലും കഴിഞ്ഞദിവസത്തെ സംഭവം യാദൃശ്ചികമാണെണെന്നാണ് പൊലീസ് വിലയിരുത്തൽ. എന്നാൽ, സംഘങ്ങൾ തമ്മിൽ നേരത്തേതന്നെ പോർവിളിയുണ്ടായിരുന്നതായും അതിന്റെ ഭാഗമാണെന്നുമാണ് പറയപ്പെടുന്നത്.
മരിച്ച ശ്രീരാഗിന്റെ സുഹൃത്ത് ശ്രീരാജിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൃതദേഹം ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.