നിർമാണം പൂർത്തിയാകാതെ കിടക്കുന്ന ചാർപ്പ മഴവിൽപ്പാലം
അതിരപ്പിള്ളി: ചാർപ്പയിൽ മഴവിൽപ്പാലം നിർമാണം പൂർത്തിയാക്കാൻ വൈകുന്നു. ഇതു മൂലം അപൂർവമായി തെളിയുന്ന ഈ ജലസൗന്ദര്യം പൂർണമായി ആസ്വദിക്കാനുള്ള അവസരം ഇത്തവണയും സഞ്ചാരികൾക്ക് നഷ്ടപ്പെട്ടതായി പരാതി. ചാർപ്പ മഴവിൽപ്പാലം നിർമാണത്തെ തുടർന്ന് വെള്ളച്ചാട്ടത്തിന്റെ റോഡിൽ നിന്നുള്ള കാഴ്ച തടസ്സപ്പെട്ട അവസ്ഥയിലാണ്. ഇനി ഈ നടപ്പാലത്തിൽനിന്ന് മാത്രമേ ചാർപ്പ വെള്ളച്ചാട്ടം ആസ്വദിക്കാനാവൂ.
2022 ഫെബ്രുവരിയിലാണ് മഴവിൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചത്. കഴിഞ്ഞ മൺസൂൺ സീസണിലും ഇത്തവണയും പണികൾ പൂർത്തിയാവാതെ കിടക്കുന്നതിനാൽ സഞ്ചാരികൾക്ക് അപൂർവമായ ദൃശ്യം നഷ്ടപ്പെട്ടിരിക്കുകയാണ്. പാലത്തിന്റെ കൈവരികൾ സ്ഥാപിക്കുന്ന ജോലികൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളു.
അതേ സമയം പുതിയ മഴവിൽപ്പാലം ചാർപ്പ വെള്ളച്ചാട്ടത്തിന്റെ ആസ്വാദനത്തിന് തടസ്സമാകും എന്ന ആരോപണത്തെ തുടർന്ന് അധികാരികൾ ആശയക്കുഴപ്പത്തിലാണ്. വിനോദ സഞ്ചാരികൾക്ക് പുതിയ അനുഭവം പകരാനാണ് മഴവിൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചത്.
അതിരപ്പിള്ളിക്കും വാഴച്ചാലിനുമിടയിൽ മലക്കപ്പാറ റോഡ് മുറിച്ച് വനത്തിനുള്ളിൽനിന്ന് ചാലക്കുടിപ്പുഴയിലേക്ക് പോകുന്ന തോടിന്റെ ഭാഗമാണ് ചാർപ്പ വെള്ളച്ചാട്ടം. 2018ലെ പ്രകൃതിക്ഷോഭത്തിൽ മലമുകളിലെ ജലപ്രവാഹം അനിയന്ത്രിതമായതിനെ തുടർന്ന് തകർന്ന പാലത്തിന്റെ പുനർനിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയിരുന്നു. ഇതിനെ തുടർന്ന് ഇവിടെ മറ്റൊരു നടപ്പാലം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. 99 ലക്ഷം രൂപ ചെലവിലാണ് പുതിയ പാലം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.