കുന്നംകുളത്ത് നടന്ന ഓണത്തല്ല് (ഫയൽ ചിത്രം)
കുന്നംകുളം: കുന്നംകുളത്തിന്റെ പഴമയും പാരമ്പര്യം വിളിച്ചോതുന്ന ‘ഓണത്തല്ല്’ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും എത്തുന്നതോടെ ആവേശം. 27 ന് പഴയ ബസ്റ്റാൻറിലാണ് ചേരിതിരിഞ്ഞ് അങ്കത്തിനൊരുങ്ങുന്നത്. ഹയ്യത്തട... എന്ന വായ്ത്താരിയോടെ തല്ലുകാർ കളത്തിലിറങ്ങുന്നതോടെ ഓണത്തല്ലിന് തുടക്കമാകും. പിന്നീടങ്ങോട്ടുള്ള അടിയോടടി കാണികളെ ആവേശഭരിതരാക്കും.
പോപ്പുലർ ആർട്സ് ആന്റ് സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിലാണ് ഇക്കുറിയും ഓണത്തല്ല് സംഘടിപ്പിക്കുന്നത്. വടക്കേ ചേരി, തെക്കേ ചേരി എന്നിങ്ങനെ രണ്ടു വശത്തായി ചേരിതിരിഞ്ഞാണ് തല്ല്. ചെറുതിരുത്തി വെട്ടിക്കാട്ടിരി സ്വദേശികളായ 70 ഓളം തല്ലുകാരാണ് കളത്തിൽ ഇറങ്ങുന്നത്. 75 വയസു പിന്നിട്ട ആശാൻമാരായ താഴപ്ര ചേനംകുന്നത്ത് മൊയ്തു, കൊരങ്ങാട്ട് ബാപ്പിനു എന്നിവരുടെ നേതൃത്വത്തിലാണ് തല്ല്.
തല്ല് കൈവിട്ടാൽ നിയന്ത്രിക്കാൻ ചാഴിക്കാരൻമാരും രംഗത്തുണ്ടാകും. കുഞ്ഞി ബാപ്പു, സുലൈമാൻ എന്നിവർ ഇക്കുറിയും തല്ലുകാരെ പിടിച്ചു മാറ്റാൻ റഫറിമാരാകും. ആയുധമില്ലാതെ രണ്ടു പേർ ഉടുത്തുകെട്ടി കച്ചമുറുക്കി നിയമങ്ങൾ പാലിച്ചു പരസ്പരം തല്ലുകയാണ് പതിവ്. പ്രായവും ശക്തിയും നോക്കിയാണ് ഓരോ തല്ലുകാരേയും ആശാൻമാർ അങ്കത്തിനിറക്കുന്നത്.
കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഈ തല്ലിൽ അനുവദിക്കു. കൈപ്പത്തികൾ മാത്രം ഉപയോഗിച്ച് കഴുത്തിന് താഴോട്ട് മെയ്പയറ്റ് നടത്തുന്നതാണ് ഈ ആയോധനകല.
ഉച്ചക്ക് 2.30 ന് മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്യും. എ.സി മൊയ്തീൻ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർപേഴ്സൺ പി.ജി ജയപ്രകാശ് എന്നിവർ പങ്കെടുക്കും. ഇതോടൊപ്പം കരാത്തെ ദോ കൊമ്പു ദോ പ്രദർശനവും ഉണ്ടായിരിക്കും. അതേസമയം ഒമ്പത് വർഷമായി സർക്കാരിൽ നിന്നുള്ള ഗ്രാന്റ് മുടങ്ങി ക്കിടക്കുകയാണെന്നും നഗരസഭയുടെയോ സർക്കാരിന്റെയോ സാമ്പത്തിക സഹായമില്ലാതെയാണ് ക്ലബ് വർഷങ്ങളായി ഈ പാരമ്പര്യ കല സംഘടിപ്പിച്ചു പോരുന്നതെന്നും ഭാരവാഹികളായ മാത്യു ചെമ്മണ്ണൂർ, ഡർബി ചീരൻ, എം കെ ശിവദാസൻ, വേണു ഗോപാൽ ഏറത്ത്, ജിമ്മി ഐപ്പുരു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.