തൃശൂർ: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അടിയന്തര മുന്നൊരുക്ക നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവക്ക് സാധ്യതയുള്ള മലയോര-വന മേഖലകൾ, പുഴയോരങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, ലയങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരെയും ദുർബല വിഭാഗത്തിൽപ്പെട്ടവരെയും അടിയന്തരമായി ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറ്റിപ്പാർപ്പിക്കണം.
പട്ടികവർഗ വിഭാഗങ്ങൾക്കായി പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കാനും ആദിവാസി ഊരുകളിൽ ആവശ്യമായ മാറ്റിപ്പാർപ്പിക്കൽ നടത്താനും ജില്ല പട്ടികവർഗ വികസന ഓഫിസറെ ചുമതലപ്പെടുത്തി.
നഗരങ്ങളിലെയും റോഡുകളിലെയും വെള്ളക്കെട്ടുകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ കർമപദ്ധതി നടപ്പാക്കണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിലും കുഴികളുള്ള ഇടങ്ങളിലും യാത്രക്കാരുടെ സുരക്ഷക്ക് അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.
അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, വൈദ്യുതി തൂണുകൾ എന്നിവ ഉടൻ നീക്കം ചെയ്യാനും കെ.എസ്.ഇ.ബി ലൈനുകളുടെയും ട്രാൻസ്ഫോർമറുകളുടെയും പരിശോധന അടിയന്തരമായി പൂർത്തിയാക്കാനും നിർദേശമുണ്ട്.
താലൂക്ക്, തദ്ദേശ സ്ഥാപനങ്ങൾ, കെ.എസ്.ഇ.ബി എന്നിവയുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കണം. ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് ഓരോ മണിക്കൂറിലും നിരീക്ഷിച്ച് കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യാനും ഡാമുകൾ തുറക്കേണ്ടി വന്നാൽ പകൽ തന്നെ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ അത് ചെയ്യാനും ഇറിഗേഷൻ-കെ.എസ്.ഇ.ബി വകുപ്പുകൾക്ക് കലക്ടർ നിർദേശം നൽകി. രാത്രി മണ്ണിടിച്ചിൽ സാധ്യതയുള്ള റോഡുകളിൽ ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താം.
ടൂറിസ്റ്റുകൾക്കായി ജാഗ്രത നിർദേശങ്ങളും അടിയന്തര ഫോൺ നമ്പറുകളും പ്രചരിപ്പിക്കണം. ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അതോറിറ്റിയെ വിവരം അറിയിക്കണം.
ജില്ല-താലൂക്ക് തലങ്ങളിലെ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം പൂർണമായി സജീവമാക്കി. വീഴ്ച വരുത്തുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.