ഇടപ്പള്ളി-താനൂർ റെയിൽപാത; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി

കൊടുങ്ങല്ലൂർ: നഷ്ടം വിലയിരുത്തി വർഷങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാർ ഉപേക്ഷിച്ച ഇടപ്പള്ളി മുതൽ താനൂർ വരെയുള്ള തീരദേശ റെയിൽപാതക്ക് വേണ്ടി വീണ്ടും ആവശ്യമുയരുന്നു.

തീരദേശ റെയിൽവേ നടപ്പാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സ്പോർട്സ്,യുവജന കാര്യമന്ത്രി ഒ.ജെ. ജനീഷ് എന്നിവർക്ക് നിവേദനം നൽകി. തീരദേശത്തിന്റെ വികസനത്തിനും യാത്രാസൗകര്യത്തിനും തീർഥാടന ട്യൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന ഇടപ്പള്ളി-താനൂർ റെയിൽപാത നടപ്പാക്കാൻ നടപടി വേണമെന്ന് അഭ്യർഥിക്കുന്ന നിവേദനം കൊടുങ്ങല്ലൂർ കോസ്റ്റൽ റെയിൽവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് നൽകിയത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർക്ക് മുമ്പ് നിവേദനം നൽകിയിരുന്നു.

നിലവിൽ കന്യാകുമാരി മുതൽ മുംബൈ വരെയുള്ള റെയിൽപാതയിൽ കേരളത്തിൽ അറബിക്കടലിന്റെ സമാന്തരമായുള്ള ഇടപ്പള്ളി മുതൽ താനൂർ വരെയുള്ള ഭാഗത്ത് മാത്രമാണ് പാത ഇല്ലാത്തത്. ഈ പാത കൂടി നിർമിക്കുകയാണെങ്കിൽ അടിയന്തരഘട്ടങ്ങളിൽ സമാന്തര പാതയായി ഉപയോഗപ്പെടുത്താൻ കഴിയും. കൊച്ചി നേവൽ ബേസിൽനിന്ന് ഏഴിമല നാവിക അക്കാദമിയിലേക്കുള്ള റെയിൽ വഴിയുള്ള ദൂരത്തിൽ ഏറെ കുറവു വരും. മാത്രമല്ല പുരാതന വ്യാപാര തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരും മുസിരിസ് പൈതൃക പദ്ധതി പ്രദേശവും ഇന്ത്യൻ റെയിൽവേ ഭൂപടത്തിൽ സ്ഥാനം പിടിക്കും.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിൽ കൂടുതലായി ഈ പ്രദേശത്തെ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ഈ പാതക്ക് വേണ്ടി ശ്രമം നടത്തിവരുന്നുണ്ട്. ഇടപ്പള്ളി-താനൂർ റെയിൽപാത നിർദിഷ്ട ശബരി പാതയുമായി ബന്ധിപ്പിക്കുകയാണെങ്കിൽ തീർഥാടന ടൂറിസം വികസനത്തിനും വഴിയൊരുക്കും. പ്രശസ്ത ക്ഷേത്രങ്ങളായ ഗുരുവായൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കുള്ള തീർഥാടകർക്കും അഴിക്കോട് മാർത്തോമസ്ലീഹ പള്ളി, കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് തുടങ്ങി ദിനേന അനേകം പേർ വരുന്ന തീർഥാടന കേന്ദ്രങ്ങൾ വഴിയാണ് നിർദിഷ്ട റെയിൽപാത കടന്നുപോകേണ്ടതെന്നും നിവേദനത്തിൽ പറയുന്നു. ഈ വിഷയത്തിൽ സഹായം അഭ്യർഥിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി എന്നിവർക്കും നിവേദനം നൽകിയിരുന്നു.

ഭാരവാഹികളായ സി.എസ്. തിലകൻ, ശംസുദ്ദീൻ വാത്യേടത്ത്, ഡോ. ഹംസ കോണ്ടാമ്പുള്ളി, പി.എ. സീതി മാസ്റ്റർ തുടങ്ങിയവർ അടങ്ങുന്ന കമ്മിറ്റിയാണ് നിവേദനം നൽകിയത്.

Tags:    
News Summary - Edappally-Tanoor railway line, Chief Minister,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.