ബി.ജെ.പി ഓഫിസിന് മുന്നിൽ കെ.എസ്.യു സ്ഥാപിച്ച പോസ്റ്റർ

‘കള്ളപ്പണ സ്വീകരണ വിതരണ കേന്ദ്രത്തിലേക്കുള്ള വഴി’ -ബി.ജെ.പി ഓഫിസിന് മുന്നിൽ പോസ്റ്ററുമായി കെ.എസ്.യു

തൃശൂർ: ബിജെപി തൃശ്ശൂർ ജില്ല കമ്മിറ്റി ഓഫിസിന് സമീപം ‘കള്ളപ്പണ സ്വീകരണ വിതരണ കേന്ദ്രത്തിലേക്കുള്ള വഴി’ എന്ന ബാനർ സ്ഥാപിച്ച് കെ.എസ്.യു. 25 കോടിയുടെ കള്ളപ്പണം ബിജെപി ഓഫീസിൽ എത്തിയെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയതിനു പിന്നാലെയായിരുന്നു പോസ്റ്റർ പ്രതിഷേധം.

തെരഞ്ഞെടുപ്പ് കാലത്ത് 17 ചാക്കുകളിലായി തൃശ്ശൂരിലെ ബി.ജെ.പി ഓഫിസിലേക്ക് കള്ളപ്പണം എത്തി എന്ന് മുൻ ഓഫിസ് സെക്രട്ടറി പി. അക്ഷയ്​ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഓഫിസിന് മുന്നിലുള്ള വഴിയിൽ കള്ളപ്പണ സ്വീകരണ വിതരണ കേന്ദ്രത്തിലേക്കുള്ള വഴി എന്ന ബാനർ കെഎസ്‍യു കെട്ടിത്തൂക്കിയത്.

ഇന്ന് രാവിലെ കെ.എസ്.യു തൃശ്ശൂർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബാനർ സ്ഥാപിച്ചത്. ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ അടക്കം പത്തോളം ഭാരവാഹികൾ നേതൃത്വം നൽകി. ഇതേതുടർന്ന് സ്ഥലത്ത് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തി.

തെരഞ്ഞെടുപ്പ് കാലത്ത് തൃശൂർ ബി.ജെ.പി ഓഫിസിലേക്ക് 17 ചാക്കുകളിലായി 25 കോടിയുടെ കള്ളപ്പണം എത്തിയെന്നായിരുന്നു മുൻ ഓഫിസ് സെക്രട്ടറി പി. അക്ഷ‍യിയുടെ ഗുരുതര വെളിപ്പെടുത്തൽ. സംഘടന സെക്രട്ടറിയുടെ മുറിയിലേക്കാണ് പണം കൊണ്ടുവന്നതെന്നും സാമ്പത്തിക ഇടപാട് അറിഞ്ഞതിന്‍റെ വൈരാഗ്യത്തിലാണ് തന്നെ ഓഫിസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്നും അ‍ക്ഷയ് ആരോപിച്ചിരുന്നു.

‘തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു രണ്ടു ദിവസം മുമ്പ് തൃശൂർ ജില്ല ഓഫിസിലാണ് പണം എത്തിയത്. തെരഞ്ഞെടുപ്പിനായി എത്തിയ ഫണ്ടിനു പുറമെയാണിത്. ഈ പണം വ്യക്തികൾ കേന്ദ്രീകരിച്ച് കൊള്ളയടിക്കുകയാണ് ചെയ്തത്. ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിന്‍റെ രണ്ടാം നിലയിലും ഗാന്ധി നഗറിലെ വീട്ടിലുമായാണ് ഈ പണം സൂക്ഷിച്ചിരുന്നത്. സംഘടനാ സെക്രട്ടറിയുടെ മുറിയിലേക്കാണ് പണം എത്തിയത്. അവിടെ വെച്ചുതന്നെയാണ് വിതരണം ചെയ്തതും. ട്രഷറർക്കോ ഓഫിസ് സെക്രട്ടറിക്കോ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും തന്നില്ല. ഈ വിവരം തൃശൂർ സിറ്റി പ്രസിഡന്‍റിനെ അറിയിച്ചതാണ് തന്നെ പുറത്താക്കാനുള്ള കാരണം. സംഘടന സെക്രട്ടറി കെ.പി. സുരേഷ്, അദ്ദേഹത്തിന്‍റെ ഡ്രൈവർ രാജേഷ്, മുരളി കൊളങ്ങാട് എന്നീ മൂന്നുപേരുമാണ് ഈ പണം കൈകാര്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാന്ധി നഗറിലെ വീട്ടിൽനിന്ന് ഒരു കോടി രൂപയെടുത്ത് തമിഴ്നാട്ടിലേക്ക് അയച്ചു, ഈ സമയം താൻ അവിടെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന അന്ന് ഉച്ചക്കുതന്നെ പണം ഓഫിസിൽനിന്ന് മാറ്റിയെന്നാണ് മനസ്സിലാക്കുന്നത്. ആ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ മാറ്റി. ഇടപാട് അറിഞ്ഞതോടെയാണ് തന്നെ പുറത്താക്കിയത്’ -എന്നായിരുന്നു ജൂലൈയിൽ അ‍ക്ഷയ് വെളിപ്പെടുത്തിയത്.

കൊടകര കുഴൽപണക്കേസിനു പിന്നാലെയാണ് പാർട്ടിയെ വെട്ടിലാക്കി മറ്റൊരു വെളിപ്പെടുത്തൽ കൂടി പുറത്തുവന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നു ദിവസം മുമ്പ് ഏപ്രിൽ മൂന്നിനു പുലർച്ചെ ദേശീയപാതയിലൂടെ പോയ കാർ ആക്രമിച്ചു ക്രിമിനൽ സംഘം മൂന്നരക്കോടി രൂപ കവർന്നതാണ് കൊടകര കുഴൽപണക്കേസ്. ബി.ജെ.പി സ്ഥാനാർഥികളുടെ പ്രചാരണത്തിനു വേണ്ടി എത്തിച്ച പണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിനിടെ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിനെ ചൊല്ലിയുള്ള തർക്കങ്ങളും ബി.ജെ.പിയിലെ ആഭ്യന്തരതർക്കം രൂക്ഷമാക്കി. വ്യക്തി അധിക്ഷേപങ്ങളിലേക്കും പരാതി നൽകുന്നതിലേക്കും പ്രശ്നങ്ങൾ വളരുകയാണ്. ബി.ജെ.പി ദേശീയ നേതൃത്വത്തിന് മുന്നിലേക്ക് നേതാക്കളും അനുഭാവികളും നിരന്തരം പരാതിയുമായി എത്തുന്ന നിലയിലാണ് കാര്യങ്ങൾ. കഴിഞ്ഞ ദിവസം പൂഞ്ഞാറിൽ 4.5 കോടി രൂപ വെട്ടിച്ചതായി ബി.ജെ.പി നേതാവ് പി.സി. ജോർജും ​വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - "Route to black money collection and distribution centre" - KSU posters in front of BJP office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.