ആറാട്ടുപുഴ പാടത്ത് ആനയെ ലോറിയിൽ കയറ്റാനുള്ള ശ്രമം. വിഡിയോ ദൃശ്യത്തിൽനിന്ന്
തൃശൂർ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച തിരുവാതിര വിളക്കിനെത്തിച്ച ആനക്ക് പാപ്പാന്റെ ക്രൂരപീഡനം. കാലിലെ പരിക്കിനെ തുടർന്ന് ലോറിയിൽ കയറാൻ വിഷമിച്ച ആനയുടെ കാലിൽ ലോഹക്കൊളുത്തുള്ള തോട്ടി ഉപയോഗിച്ച് കൊളുത്തി വലിക്കുകയും കുത്തുകയും മർദിക്കുകയും ചെയ്തു.
എഴുന്നള്ളിപ്പ് കണ്ട് മടങ്ങുകയായിരുന്ന കരുവന്നൂർ സ്വദേശി ജയസാഗർ മൊബൈൽ ഫോണിൽ പകർത്തിയത് ശ്രദ്ധയിൽപെട്ടതോടെ പാപ്പാൻ ഭീഷണിപ്പെടുത്തുകയും ഫോൺ പിടിച്ചുവാങ്ങി ദൃശ്യങ്ങൾ മായ്പിക്കുകയും ചെയ്തു. ജയസാഗർ ഇക്കാര്യം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ആറാട്ടുപുഴ ശാസ്ത ക്ഷേത്രത്തിൽ തിരുവാതിര വിളക്കിന് കാലത്ത് ഏഴര വരെയുള്ള എഴുന്നള്ളിപ്പ് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ദയനീയമായ കാഴ്ച കണ്ടുവെന്ന് വിശദീകരിച്ചാണ് കുറിപ്പ്. ലോറിയിൽ കയറ്റാൻ ആനയെ തോട്ടി കൊണ്ട് കുത്തുന്നതും തല്ലുന്നതുമായ ക്രൂരമായ കാഴ്ച.
ദൃശ്യങ്ങൾ പകർത്തുന്നത് തിരിച്ചറിഞ്ഞ പാപ്പാൻ ഫോൺ പിടിച്ചുവാങ്ങി വിഡിയോ ഡിലീറ്റ് ചെയ്തു. പിന്നീട് റീ സ്റ്റോർ ചെയ്തെടുക്കുകയായിരുന്നു. വിഡിയോവിൽ ആനയെ മർദിക്കുന്ന ദൃശ്യം വ്യക്തമായി കാണാം. ആന ലോറിയിൽ കയറാൻ കഷ്ടപ്പെടുന്നത് കാലിന്റെ ബുദ്ധിമുട്ട് കൊണ്ടാണ്. ഈ പൂരക്കാലം കഴിയുമ്പോഴേക്കും ഈ ആനയും തല്ലുകൊണ്ട് ചെരിയും. താനും ഉത്സവപ്രേമിയാണ്. പക്ഷേ, ഒരുമൃഗത്തെ ഉപദ്രവിക്കുന്നത് നോക്കി നിൽക്കാൻ സാധിക്കില്ലെന്ന് പറഞ്ഞണ് വിഡിയോ പങ്കുവെച്ചത്.
അന്വേഷണം ആവശ്യപ്പെട്ട് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം ചീഫ് വൈൽഡ് ലൈഫ് വാർഡന് പരാതി അയച്ചു. കോവിഡ് മഹാമാരിക്ക് ശേഷം ഉത്സവാഘോഷങ്ങൾ തുടങ്ങിയതോടെ ആനകൾ ഇടഞ്ഞോടുന്ന സംഭവവും ആനപീഡനവും തുടരുകയാണ്. ശിവരാത്രി നാളിൽ എരുമപ്പെട്ടിയിലും കഴിഞ്ഞ ദിവസം തളിക്കുളത്തും ആന ഇടഞ്ഞ് വലിയ നാശം വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.