പ്രജോദ്
തൃശൂർ: തിരുവിതാംകൂർ നിധി ലിമിറ്റഡ് തട്ടിപ്പ് കേസിൽ ഒരു പ്രതി കൂടി പിടിയിൽ. നിക്ഷേപിച്ച പണത്തിന്മേൽ കൂടുതൽ പലിശ തരാം എന്ന് വിശ്വസിപ്പിച്ച് പലരിൽനിന്നും പണം വാങ്ങി മുതലും പലിശയും കൊടുക്കാതെ വിശ്വാസ വഞ്ചന ചെയ്ത കേസിൽ ഉൾപെട്ട ചെമ്മന്തിട്ട ആനേടത്ത് വീട്ടിൽ പ്രജോദാണ് (40) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ തന്നെ സമാനമായ അഞ്ച് കേസുകളിലെ പ്രതിയാണ് പ്രജോദ്.
പറപ്പൂർ സ്വദേശിയുടെ പരാതിയിലാണ് ടൗൺ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പരാതിക്കാരനിൽനിന്ന് 25 ലക്ഷം രൂപയാണ് വാങ്ങിയിരുന്നത്. എന്നാൽ, 18 മാസത്തേക്ക് നിക്ഷേപിച്ച തുകയിൽ കാലാവധി കഴിഞ്ഞിട്ടും മുതലും പലിശയും ലഭിക്കാതെയായപ്പോൾ പരാതിക്കാരൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. മുമ്പും തിരുവിതാംകൂർ നിധി ലിമിറ്റഡിനെതിരെ സമാന രീതിയിൽ ഉയർന്ന പരാതിയിൽ കേസെടുത്ത് നാല് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്നും വിപുലമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ സി. അലവി, സബ് ഇൻസ്പെക്ടർ ഫയാസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ, സിവിൽ പൊലീസ് ഓഫിസർ പി. ഹരീഷ് കുമാർ, വി.ബി. ദീപക്, കെ.എസ്. ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.