തൃശൂർ: ഓൺലൈൻ യോഗം ഒളിച്ചോട്ടമാണെന്ന് ആക്ഷേപമുയർന്നതോടെ കോർപറേഷൻ കൗൺസിൽ ഹാളിലെ സാധാരണ യോഗമാക്കി മാറ്റി ഭരണപക്ഷത്തിെൻറ ചുവട് മാറ്റം. ഓൺലൈൻ യോഗം വേണ്ടെന്നും നേരിട്ടു പങ്കെടുക്കാമെന്നും വ്യക്തമാക്കി തങ്ങളെടുത്ത നിലപാടിന് അംഗീകാരമാണിതെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. എങ്കിലും ഏതാനും പേർ ഓൺലൈനായി തന്നെയാണ് പങ്കെടുത്തത്.
മേയറെ വളഞ്ഞുവെക്കുന്ന സമരങ്ങൾ ഒഴിവാക്കണമെന്നും പൊതുമുതൽ നശിപ്പിക്കരുതെന്നും കൗൺസിലർമാർ മാതൃകയാകണമെന്നുമുള്ള അഭ്യർഥനയോടെയായിരുന്നു കൗൺസിൽ യോഗം ആരംഭിച്ചത്. ചട്ടങ്ങൾക്ക് വിരുദ്ധമായും അധികാരാവകാശങ്ങൾ കവർന്നും മേയർ പ്രവർത്തിച്ചതാണ് കഴിഞ്ഞ കൗൺസിലിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും സമാന നിലപാട് തുടർന്നാൽ ശക്തമായ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലനും ബി.ജെ.പി പാർലമെൻററി പാർട്ടി ഉപനേതാവ് എൻ. പ്രസാദും അഭ്യർഥനക്കുള്ള വിശദീകരണത്തിൽ മറുപടി നൽകി.
മാസ്റ്റർ പ്ലാൻ വിഷയം വീണ്ടും പ്രതിപക്ഷം ഉയർത്തിയെങ്കിലും മേയർ മറുപടി നൽകിയില്ല. അരണാട്ടുകര ടാഗോർ സെൻറിനറി ഹാൾ നിർമാണവുമായി ബന്ധപ്പെട്ട് മേയർ നൽകിയ 10 കോടി രൂപയുടെ മുൻകൂർ അനുമതി തള്ളിക്കളയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കോൺഗ്രസ് -ബി.ജെ.പി അംഗങ്ങൾ ഒന്നിച്ചതോടെ ഇക്കാര്യത്തിൽ വോട്ടിങ് വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ വിഷയം ധനകാര്യ കമ്മിറ്റിക്ക് വിട്ടതായി മേയർ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് ബാധ്യതയാകുന്ന പദ്ധതിയുടെ മുൻകൂർ അനുമതി തള്ളണമെന്ന് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. എല്ലാം നിയമപരം ആണെന്നും ആരെതിർത്താലും വായ്പ എടുക്കുമെന്നും ഹാൾ പണിയുമെന്നും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയുടെ വെല്ലുവിളിയും ഏറെ നേരം പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.
നഗരത്തിലെ റോഡുകൾ തകർന്നു കിടന്നിട്ടും അനങ്ങാപ്പാറ നയം തുടരുന്നത് വെല്ലുവിളിയാണെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു. കോർപറേഷൻ ഓഫിസിന് മുന്നിൽ സബ്വേക്ക് സമീപം കഴിഞ്ഞ വർഷം റീ ടാർ ചെയ്തതിെൻറ സമീപത്ത് റോഡ് തകർന്നു. പൈപ്പുകൾ ഇടാനായി റോഡുകൾ കുഴിച്ചിട്ടും റീടാർ ചെയ്തിട്ടില്ല. റോഡുകൾ ഒരു കൊല്ലംകൊണ്ട് തകരുന്നുണ്ടെങ്കിൽ ഉത്തരവാദികളെ ശിക്ഷിക്കണമെന്നും ജോൺ ആവശ്യപ്പെട്ടു. നഗരത്തിൽ വൈദ്യുതി പോസ്റ്റുകളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിച്ചു. മരാമത്ത് കമ്മിറ്റി അറിയാതെയാണ് ഇടപാടുകൾ നടക്കുന്നതെന്നും ഇത് ശരിയല്ലെന്നും ഭരണകക്ഷിയിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ ബാബുവും വിമർശിച്ചു. നഗരത്തിലെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വന്ന വിഷയം പഠിച്ച് നടപടിയെടുക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.