തൃശൂർ: ജില്ല സ്കൂൾ കായികമേളക്ക് കൊടിയിറങ്ങാൻ ഒരു ദിനം മാത്രം ബാക്കിനിൽക്കെ, കിരീടപ്പോരാട്ടത്തിൽ വഴിത്തിരിവ്. ആദ്യദിനം ആധിപത്യം പുലർത്തിയിരുന്ന നിലവിലെ ചാമ്പ്യന്മാരായ തൃശൂർ ഈസ്റ്റ് ഉപജില്ലയെ പിന്തള്ളി ചാലക്കുടി ഉപജില്ല ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. രണ്ടാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 124.5 പോയന്റുമായാണ് ചാലക്കുടി കിരീടത്തിനരികിലേക്ക് ഒരു ചുവടുവെച്ചത്.
എന്നാൽ, വെറും 120 പോയന്റുമായി തൃശൂർ ഈസ്റ്റ് ഉപജില്ല തൊട്ടുപിന്നാലെയുണ്ട്. ശനിയാഴ്ച നടക്കുന്ന 31 ഫൈനൽ മത്സരങ്ങളിലെ ഫലം ഇരുഉപജില്ലകളുടെയും കിരീട സ്വപ്നങ്ങളിൽ നിർണായകമാകും.
78 പോയന്റുമായി ചാവക്കാട് ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. മാള (58), കുന്നംകുളം (56.5), വലപ്പാട് (41) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. സ്കൂളുകളുടെ പോരാട്ടത്തിൽ രണ്ടാംദിനത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു.
അഞ്ച് സ്വർണവും ആറ് വീതം വെള്ളിയും വെങ്കലവും ഉൾപ്പെടെ 49 പോയന്റുകൾ നേടിയാണ് ശ്രീകൃഷ്ണയുടെ കുതിപ്പ്. രണ്ടാം സ്ഥാനത്തേക്ക് അപ്രതീക്ഷിത മുന്നേറ്റം നടത്തിയ മേലൂർ സെന്റ് ജോസഫ്സ് ഹൈസ്കൂളിന് 36.5 പോയന്റുണ്ട്. 35 പോയന്റുമായി ആളൂർ ആർ.എം.എച്ച്.എസ്.എസ് ആണ് മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ തൃശൂർ കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ് 31 പോയന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മേളയുടെ അവസാന ദിനമായ ശനിയാഴ്ച വ്യക്തിഗത ചാമ്പ്യന്മാരെയും കിരീട ജേതാക്കളെയും അറിയാനുള്ള ആവേശത്തിലാണ്.
മത്സരത്തിനെത്തിയപ്പോൾ നിർണായകമായ ഷൂസെടുക്കാൻ മറന്നു, പക്ഷേ ആത്മവിശ്വാസം കൈവിട്ടില്ല. ഒടുവിൽ, ഷൂസില്ലാതെ സോക്സ് മാത്രം ധരിച്ച് അഞ്ചുകിലോമീറ്റർ ട്രാക്കിലൂടെ നടന്നുകയറി അരിമ്പൂർ സെന്റ് അൽഫോൻസ എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥി ശ്രീഹരി സുനിൽകുമാർ സ്വർണമണിഞ്ഞു.
അരിമ്പൂർ വടക്കേവീട്ടിൽ സുനിൽകുമാറിന്റെയും പ്രിയങ്കയുടെയും മകനാണ് ഈ മിടുക്കൻ. മത്സരത്തിന് തൊട്ടുമുമ്പാണ് ഷൂസ് എടുത്തിട്ടില്ലെന്ന കാര്യം ശ്രീഹരി ഓർത്തത്. എന്നാൽ അതൊരു തടസ്സമാക്കാൻ ശ്രീഹരി തയാറായില്ല. സോക്സ് മാത്രം ധരിച്ച് ട്രാക്കിലിറങ്ങിയ ശ്രീഹരി, മറ്റു മത്സരാർഥികളെ ബഹുദൂരം പിന്നിലാക്കി ഒന്നാമനായി ഫിനിഷ് ചെയ്യുകയായിരുന്നു. സ്കൂളിലെ കായികാധ്യാപകനായ സോജൻ ജെയിംസാണ് ശ്രീഹരിയുടെ പരിശീലകൻ.
പുലർച്ചെ ആറിനും വൈകീട്ട് ഏഴു മുതൽ എട്ടു വരെയും വീട്ടിൽ തന്നെയാണ് ശ്രീഹരിയുടെ പരിശീലനം. ഇതേ സ്കൂളിന് ഇരട്ടിമധുരം നൽകി ജൂനിയർ പെൺകുട്ടികളുടെ നടത്തത്തിൽ പി. കവിതയും സ്വർണം നേടി. പത്താം ക്ലാസ് വിദ്യാർഥിനിയാണ് കവിത.
സീനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച്.എസ്.എസിലെ എൻ.ജി. ഗായത്രി സ്വർണം കരസ്ഥമാക്കി. 4.97 മീറ്റർ ദൂരം ചാടിയാണ് ഗായത്രി സ്വർണത്തിൽ മുത്തമിട്ടത്. കഴിഞ്ഞവർഷം ജൂനിയർ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ സ്വർണം നേടിയ ഗായത്രി, സീനിയർ വിഭാഗത്തിലേക്ക് മാറിയ ആദ്യ അവസരത്തിൽ തന്നെ സ്വർണം കരസ്ഥമാക്കി. ഏങ്ങണ്ടിയൂർ നെടുമാട്ടുമ്മൽ ഗണേഷിന്റെയും അനുവിന്റെയും മകളാണ്.
ഈ ഇനത്തിലെ വെള്ളിയും ഒരേ ഗുരുവിന്റെ ശിഷ്യക്കാണെന്നത് മത്സരത്തിന്റെ മാധുര്യം വർധിപ്പിച്ചു. നാട്ടിക സ്പോർട്സ് അക്കാദമിയിലെ കണ്ണൻ മാഷ് എന്ന സനോജിന്റെ കീഴിൽ പരിശീലിക്കുന്ന കഴിമ്പ്രം പി.പി.എം.എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി വി. ഗൗരിക്കാണ് വെള്ളി. കഴിഞ്ഞവർഷം ജൂനിയർ വിഭാഗം ട്രിപ്പിൾ ജംപിലെ സ്വർണമെഡൽ ജേതാവാണ് ഗൗരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.