representational image
തൃശൂർ: ജില്ലയിൽ മുണ്ടകൻ കർഷകരുടെ നെഞ്ചിലെ തീ ആളിക്കത്തുകയാണ്. കാലാവസ്ഥ വ്യതിയാന നാളുകളിൽ ഏറെ പണിപ്പെട്ട് കൃഷിയിറക്കി കൊയ്യാറായ സമയത്ത് ഇനിയും മഴ എത്തുമോ എന്ന ആശങ്കയാണ് ഇതിൽ പ്രധാനം. അടുത്ത ദിവസങ്ങളിൽ മഴയുണ്ടാവുമെന്ന കാലാവസഥ വകുപ്പിന്റെ പ്രവചനം ആശങ്ക വാനോളവുമാക്കി.
ഇപ്പോൾ മഴ പെയ്താൽ നെൽച്ചെടികൾ വീഴും. യന്ത്രമിറക്കാനുമാവില്ല. വയ്ക്കോലും ലഭിക്കില്ല. അതേസമയം, കതിര് വന്ന നെൽച്ചെടികൾക്ക് ചെറിയ തോതിൽ മഴ ലഭിക്കുന്നത് ഗുണകരമാണ്. പലരും മൂപ്പ് കുറഞ്ഞ നെൽവിത്തുകളാണ് ഇറക്കിയിരിക്കുന്നത്.
കൊയ്ത്തുയന്ത്രം അടക്കം കൃഷി ഉപകരണങ്ങൾ കിട്ടാനില്ലാത്തതിനാൽ വട്ടം കറങ്ങുകയാണ് കർഷകർ. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 30,000 ഏക്കർ മുണ്ടകൻ കൃഷിയാണിറക്കിയിരിക്കുന്നത്. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും എത്തിക്കാനുള്ള യന്ത്രങ്ങൾ അധികൃതരുടെ പക്കലില്ല.
കൃഷി വകുപ്പിന്റെ അരിമ്പൂരിലെ ആഗ്രോ സെന്ററിലുള്ളത് ചങ്ങല യന്ത്രമാണ്. പല സ്ഥലങ്ങളിലും ഇത് ഉപയോഗിക്കാനാകില്ല. പാടശേഖര സമിതികളുടെ നേതൃത്വത്തിൽ യന്ത്രം കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. മറ്റ് ജില്ലകളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വാടകക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് പാടശേഖര സമിതികൾ നടത്തുന്നത്.
അതേസമയം, കർഷകരുടെ ആവശ്യം മുതലാക്കി വാടക വർധിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. കൃത്രിമക്ഷാമം സൃഷ്ടിച്ച് ഇടനിലക്കാരാണ് പിന്നിൽ കളിക്കുന്നത്. ടയർ മെഷീൻ കഴിഞ്ഞ വർഷം 1300 മുതൽ 1400 രൂപ വരെ വിലയ്ക്ക് ലഭിച്ചിരുന്നു.
ഇത് 1600 രൂപയിലേക്ക് ഉയർത്താനാണ് ശ്രമം. ചങ്ങല മെഷീന് സ്വകാര്യകമ്പനികളിൽ 2400 രൂപയാണ് വാടകയെങ്കിൽ അഗ്രോയിൽ 2000 രൂപ മാത്രമാണുള്ളത്. കൊയ്ത്തുയന്ത്രം കൂടുതൽ ലഭ്യമാക്കി കൊയ്തെടുക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
തൃശൂർ: കൊയ്ത്ത് കാര്യമായി തുടങ്ങാത്തതിനാൽ നെല്ലുസംഭരണത്തിൽ വലിയ പ്രശ്നങ്ങൾ ജില്ലയിൽ ഇപ്പോഴില്ല. അടുത്ത മഴ വരുന്നതിന് മുമ്പേ കൊയ്ത്ത് തുടങ്ങുമ്പോൾ വരമ്പത്ത് കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന ആവശ്യവും കർഷകർക്കുണ്ട്.
ഒപ്പം സമയബന്ധിതമായി പണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ മാത്രമേ അടുത്ത കൃഷിക്ക് ഒരുങ്ങാനാവൂവെന്ന് കർഷകർ വ്യക്തമാക്കി. അതേസമയം, നെല്ലുസംഭരണവും അതിന്റെ ഫണ്ടും കൃത്യമായി നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കിലോക്ക് 28.20 രൂപ കേരള ബാങ്ക് നൽകാൻ ധാരണയായിട്ടുണ്ട്. കേന്ദ്രസർക്കാർ ഫണ്ടായ 15.70 രൂപയും സംസ്ഥാന സർക്കാർ ഫണ്ടായ 12.50 രൂപയും കിട്ടുന്ന മുറക്ക് ബാങ്കിന് തിരിച്ചുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ: നാലുജില്ലക്കുള്ള കാർഷികയന്ത്രങ്ങൾ ജില്ലയിൽ കെട്ടിക്കിടക്കുന്നുണ്ടെങ്കിലും അവ ഉപയോഗശൂന്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്. മാറുന്ന സാങ്കേതികവിദ്യക്ക് അനുസരിച്ച് അവയുടെ കേടുപാടുകൾ തീർക്കാനാവാത്ത സാഹചര്യമാണുള്ളത്.
കൃഷി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, വിവിധ ഏജൻസികളിലടക്കം വൻതോതിലാണ് യന്ത്രങ്ങളുള്ളത്. എന്നാലിവയുടെ സാങ്കേതികവിദ്യ ഇടക്കിടെ മാറുകയാണ്. അതുകൊണ്ടുതന്നെ കേടുകൾ തീർക്കുന്നതിന് ആവശ്യമായ സ്പെയർപാർട്ടുകൾ കിട്ടാനില്ല. നിലവിൽ അരിമ്പൂരിലെ ആഗ്രോ സെന്ററിൽ മാത്രമാണ് പരിമിതമായ രീതിയിൽ കേടുപാടുകൾ മാറ്റാനാവുന്നത്.
ഇക്കുറി പലയിടത്തും കാടുപിടിച്ചു കിടക്കുന്ന യന്ത്രങ്ങൾ ലേലം ചെയ്യാനും പുതിയവ വാങ്ങാനും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.