കുന്നംകുളം നഗരസഭ; പാർലമെന്ററി പാർട്ടി നേതൃസ്ഥാനം:കോൺഗ്രസിൽ തർക്കം പുകയുന്നു

കുന്നംകുളം: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗങ്ങളുടെ പാർലമെന്ററി പാർട്ടി നേതാവ് നിയമനത്തിൽ ഡി.സി.സി പ്രസിഡന്റിനെതിരെ കെ.പി.സി.സിക്ക് പരാതി നൽകാനൊരുങ്ങി ഒരു വിഭാഗം. കഴിഞ്ഞ ദിവസം ഇന്ദിരാഭവനിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ബി. രാജീവിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത കുന്നംകുളം മണ്ഡലത്തിലെ ഒരു വിഭാഗം ബ്ലോക്ക് ഭാരവാഹികളുടെ യോഗമാണ് ഡി.സി.സി പ്രസിഡന്റിനെതിരെയും കുന്നംകുളത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെയും രൂക്ഷ വിമർശനം നടത്തിയത്.

കൗൺസിലർമാർക്കിടയിൽ നടത്തിയ ഹിത പരിശോധനയെ തുടർന്നാണ് ലെബീബ് ഹസ്സന് പാർലമെന്ററി പാർട്ടി ലീഡറായി ഡി.സി.സി ചുമതല നൽകിയത്. പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്തേക്ക് ലെബീബ് ഹസ്സനെ അംഗീകരിക്കാൻ തയാറാവാത്ത കുന്നംകുളത്തെ ഒരു ഡി.സി.സി ജനറൽ സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് എന്നിവർ മൂന്നാം സ്ഥാനത്ത് എത്തിയ ഷാജി ആലിക്കലിനെ പാർലമെന്ററി പാർട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റിന് കത്ത് നൽകിയതോടെയാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്.

ഡി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്തിയതനുസരിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻകുട്ടിയും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അജിത് കുമാറും കുന്നംകുളത്തെ കൗൺസിലർമാരെ ഒറ്റക്ക് വിളിച്ച് ഹിത പരിശോധന നടത്തിയാണ് ചെയർപേഴ്സൻ, വൈസ് ചെയർമാൻ സ്ഥാനാർഥികളായി മത്സരിക്കേണ്ടവരെയും പാർലമെന്ററി പാർട്ടി ലീഡറെയും സംബന്ധിച്ച് തീരുമാനമെടുത്തത്. ഹിതപരിശോധനയിൽ ചെയർപേഴ്സൻ സ്ഥാനത്തേക്ക് മത്സരിക്കാൻ മിഷ സെബാസ്റ്റ്യന് അഞ്ചു പേരും മിനി മോൺസിക്ക് നാലുപേരുമാണ് പിന്തുണ നൽകിയത്.

വൈസ് ചെയർമാൻ സ്ഥാനാർഥിയായി മത്സരിക്കാൻ റോഷിത് ഒട്ടാടിന് നാലുപേരുടെയും ലെബീബ് ഹസ്സന് മൂന്നു പേരുടെയും ഷാജി ആലിക്കലിന് രണ്ടുപേരുടെയും പിന്തുണയാണ് ലഭിച്ചത്. പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്തേക്ക് ലെബീബ് ഹസ്സനെ നാലുപേർ പിന്തുണച്ചു. മിനി മോൺസിയെ മൂന്നുപേരും ഷാജി ആലിക്കലിനെ രണ്ടുപേരുമാണ് പിന്തുണച്ചത്. ഹിത പരിശോധന നടത്തിയ നേതാക്കൾ ഡി.സി.സിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷ അംഗങ്ങൾ പിന്തുണച്ച മിഷ സെബാസ്റ്റ്യനെ ചെയർപേഴ്സൻ സ്ഥാനാർഥിയായും റോഷിത് ഒടാട്ടിനെ വൈസ് ചെയർമാൻ സ്ഥാനാർഥിയായും ലെബീബ് ഹസ്സനെ പാർലമെന്ററി പാർട്ടി ലീഡറായി ചുമതലപ്പെടുത്തിയുമുള്ള അറിയിപ്പ് ബന്ധപ്പെട്ട നേതാക്കൾക്ക് ഡി.സി.സി പ്രസിഡന്റ് സർക്കുലർ മുഖേന കൈമാറുകയും ചെയ്തു.

ചെയർപേഴ്സൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡി.സി.സി പ്രസിഡന്റ് നൽകിയ വിപ്പ് സ്വീകരിക്കാൻ പോലും ഷാജി ആലിക്കൽ, മിനി മോൺസി തുടങ്ങിയ കൗൺസിലർമാർ തയാറായില്ലെന്നും ആരോപണമുണ്ട്. ഡി.സി.സി പ്രസിഡന്റ് ലെബീബ് ഹസ്സനെ പാർലമെന്ററി പാർട്ടി ലീഡറായി ചുമതലപ്പെടുത്തിയതായി അറിയിച്ച ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ഷാജി ആലിക്കലിനെ പിന്തുണക്കുന്ന ഒരു വിഭാഗം കൗൺസിലർമാർ തങ്ങളുടെ പാർലമെന്ററി പാർട്ടി ലീഡർ ഷാജി ആലിക്കലാണ് എന്ന് കാണിച്ച് നഗരസഭ ചെയർപേഴ്സന് കത്ത് നൽകുകയും ചെയ്തു.

ഇങ്ങനെ ഒരു കീഴ്വഴക്കം ഇല്ലാത്തതാണ്. ഇതിനിടയിൽ നഗരസഭ കൗൺസിലർമാരുടെ യോഗം വിളിക്കാൻ ഷാജി ആലിക്കൽ നടത്തിയ ശ്രമം ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനാവശ്യ തർക്കങ്ങൾ ഉണ്ടാക്കുന്ന പ്രാദേശിക നേതാക്കൾക്കെതിരെ പ്രവർത്തകർക്കിടയിൽ രൂക്ഷ വിമർശനങ്ങളാണ് നടക്കുന്നത്. 

Tags:    
News Summary - Kunnamkulam Municipality;The dispute in Congress is simmering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.