തൃശൂർ: പൊതുവിതരണ വകുപ്പ് മന്ത്രിയും ഡയറക്ടറും നിലപാട് കടുപ്പിച്ചതോടെ മൂന്ന് ജില്ലകളിലെ ജില്ല സപ്ലൈ ഓഫിസർമാർ അവധിയിലേക്ക്. തൃശൂർ, ഇടുക്കി, വയനാട് ജില്ല ഓഫിസർമാരാണ് വിരമിക്കുന്നതിന് മുമ്പുള്ള അവധിയിൽ പ്രവേശിക്കുന്നത്. ഇതിൽ തൃശൂർ ജില്ല സപ്ലൈ ഓഫിസർ ഇതിനകം അവധിയെടുത്തു.
സർക്കാറിന്‍റെ പ്രഖ്യാപിത പദ്ധതികളിൽ കൃത്യമായ നടപടി സ്വീകരിക്കാത്തവരെ മന്ത്രിയും ഡയറക്ടറും രൂക്ഷമായി വിമർശിച്ചിരുന്നു. എൻ.എഫ്.എസ്.എ ഗോഡൗൺ സ്ഥാപിക്കാൻ ഭൂമി കണ്ടെത്തുന്ന കാര്യത്തിൽ തുടരുന്ന മെല്ലെപ്പോക്കും 'സുഭിക്ഷ' ഹോട്ടലുകൾ തുടങ്ങുന്നതിലുണ്ടായ കാലതാമസവും സർക്കാറിന്‍റെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചിരുന്നു. വിഷയത്തിൽ ഡയറക്ടറും മന്ത്രിയും ജില്ല സപ്ലൈ ഓഫിസർമാരോട് കയർക്കുന്ന സാഹചര്യവുമുണ്ടായി. കഴിഞ്ഞദിവസം വിളിച്ച വിഡിയോ കോൺഫറൻസിൽ ഹോട്ടലുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൃത്യമായ മറുപടി നൽകാത്ത പത്തനംതിട്ട, വയനാട് ജില്ല സപ്ലൈ ഓഫിസർമാരോട് മന്ത്രി രൂക്ഷമായി പ്രതികരിച്ചിരുന്നു.
നേരത്തേ താലൂക്ക് സപ്ലൈ ഓഫിസർമാർ ചെയ്തിരുന്ന ഇത്തരം കാര്യങ്ങൾ വിരമിക്കൽ അടുത്ത സാഹചര്യത്തിൽ തലവേദനയാവുന്നതാണ് അവധിയിൽ പ്രവേശിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. അതേസമയം, ഡയറക്ടർ മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്. വിഡിയോ കോൺഫറൻസുകളിൽ കീഴുദ്യോഗസ്ഥരുടെ മുന്നിൽ മോശം പദപ്രയോഗമടക്കം സ്ഥിരമാണത്രേ. 30 മുതൽ 35 വർഷം വരെ സർവിസുള്ളരെ ചെറുപ്രായക്കാരനായ ഡയറക്ടർ അധിക്ഷേപിക്കുന്നെന്നാണ് ഉദ്യോഗസ്ഥ സംഘടനകളുടെ ആരോപണം.
സംസ്ഥാന ഉപഭോക്തൃ കമീഷനിലെ സെക്രട്ടറി ആൻഡ് രജിസ്ട്രാർ തസ്തിക വകുപ്പിൽനിന്ന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി ഉത്തരവിറക്കിയതിലും ജീവനക്കാർക്ക് അമർഷമുണ്ട്. വകുപ്പിലെ റേഷനിങ് കൺട്രോളർ, ഡെപ്യൂട്ടി കൺട്രോളർ തസ്തികയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് നൽകിയിരുന്ന പദവി സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥന് നൽകിയതിനെതിരെ ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രതിഷേധ കുറിപ്പുകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.