ഇറാഖി നാടക നടി ഹാത്തിം ഔദ ശലാഷ്, നടൻ ഹൈദർ ജുമാ
തൃശൂർ: അമൽ എന്ന യുവ ഗർഭിണിയുടെ സംഘർഷഭരിതമായ ജീവിതത്തിലൂടെ കടന്നുപോകുന്ന നാടകമാണ് ഇറാഖിൽനിന്നും 15ാമത് നാടകോത്സവത്തിനെത്തിയ ‘അമൽ’. വ്യാഴാഴ്ച ബാഗ്ദാദിൽനിന്നുള്ള നാടക സംഘം തൃശൂരിലെത്തി. ശനി, ഞായർ ദിവസങ്ങളിലായാണ് ‘അമൽ’ അരങ്ങിലെത്തുക. പ്രശസ്ത ഇറാഖി നാടക സംവിധായകൻ ഡോ. ജവാദ് അൽ അസദിയാണ് ‘അമൽ’ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അറബ് ലോകത്തെയും ലോകത്തെ മറ്റെല്ലാ ജനവിഭാഗങ്ങളെയും ബാധിക്കുന്ന മാനുഷിക പ്രതിസന്ധിയായ യുദ്ധത്തെക്കുറിച്ചാണ് നാടകം സംസാരിക്കുന്നത്.
യുദ്ധമുഖത്തേക്ക് താൻ ഗർഭം ധരിച്ചിരിക്കുന്ന കുഞ്ഞിനെ പ്രസവിക്കില്ല എന്ന യുവതിയുടെ നിശ്ചയദാർഢ്യത്തിലൂടെ യുദ്ധവെറിക്കെതിരായ മുദ്രാവാക്യം നാടകം മുഴക്കുന്നു. യുദ്ധവും കൊലപാതകവും മയക്കുമരുന്നും തീവ്രവാദവും നിറഞ്ഞ മണ്ണിലേക്ക് തന്റെ കുഞ്ഞിന് ജന്മം നൽകുന്നില്ലെന്നും ഗർഭഛിദ്രത്തിലൂടെ അവനെ താൻ എന്നെന്നും തന്റെ ഉള്ളിൽ പേറുമെന്നുമുള്ള അമൽ എന്ന ഗർഭിണിയുടെ വാശിയിലൂടെയും അവളുടെ ഭർത്താവിന്റെ നിസ്സഹായാവസ്ഥയിലൂടെയുമാണ് നാടകം ചലിക്കുന്നത്. നാടകത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്ന ഇറാഖി നാടക നടൻ ഹൈദർ ജുമാ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
അമൽ എന്നാൽ അറബിയിൽ പ്രതീക്ഷ എന്നാണ് അർഥം. അമലിന്റെ ഭർത്താവ് ബാസെം എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. യുദ്ധകാലത്തെ സ്ത്രീകളുടെയും കുട്ടികളുടെയും മാനസിക സംഘർഷത്തിലൂടെയാണ് നാടകം സഞ്ചരിക്കുന്നത്. ഇതിനകം 25ലധികം രാജ്യങ്ങളിൽ ‘അമൽ’ അവതരിപ്പിച്ചു.
ഇറാഖിൽ നിലവിലെ നിയപ്രകാരം ഗർഭഛിദ്രം അനുവദനീയമാണ്. അത് സ്ത്രീകളുടെ തീരുമാനമാണ്. എന്നാൽ, ഭ്രൂണം 12 ആഴ്ച പിന്നിട്ടാൽ നിയമപ്രശ്നങ്ങളുണ്ട്. 12 ആഴ്ചകൾക്ക് ശേഷം ഒരു മനുഷ്യജീവനായി കണക്കാക്കുന്നു. അതിനാൽ നിയമപ്രശ്നങ്ങളുണ്ട്. കുറ്റകരമായി കണക്കാക്കും. അതൊക്കെ നാടകത്തിൽ വിഷയമായി വരുന്നുണ്ട്.
അവർ കുഞ്ഞിനെ കൊല്ലുന്നു എന്നല്ല, കെട്ട കാലത്തേക്ക് കുഞ്ഞിനെ പ്രസവിക്കേണ്ടതില്ല എന്ന് ചിന്തിക്കുന്നു എന്നാണ് നാടകം പറയുന്നത്. അമൽ എന്നത് ഇറാഖിൽ മാത്രമുള്ള സ്ത്രീയല്ല. ഇന്ത്യയിലും ആയിരക്കണക്കിന് അമൽമാരുണ്ട്. എല്ലായിടത്തുമുണ്ട്.
ഗസ്സയിലും ഫലസ്തീനിലും ഇറാനിലും റഷ്യയിലും ജർമനിയിലും യുക്രെയ്നിലും ഒക്കെ നൂറ് കണക്കിന് അമൽമാരുണ്ട്. ഞങ്ങൾ യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ച ജനതയാണ്. അത് ഭീകരമായ അനുഭവമാണ്. എല്ലാ നാട്ടിലും അത് ഉണ്ടാകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
ലോകത്ത് സമാധാനം ആഗ്രഹിക്കുന്നവർ പ്രതിരോധവുമായി തെരുവിലിറങ്ങും. ഇറാഖികൾക്കുവേണ്ടി ഇന്ത്യക്കാർ തെരുവിലിറങ്ങിയതിനെ ഞങ്ങൾ വിലമതിക്കുന്നു. ഇന്ത്യയിലും പ്രത്യേകിച്ചും കേരളത്തിലും വളരെ നല്ല ആൾക്കാരാണുള്ളത്.
ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന ഒരുപാടുപേർ സദ്ദാം ഹുസൈനെ പിന്തുണക്കുന്നതായി അറിയാം. ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നതെന്നും അറിയാം. സദ്ദാം ഹുസൈനെ കുറിച്ചും മറ്റും അധികം സംസാരിക്കാൻ നിലവിൽ ആഗ്രഹിക്കുന്നില്ല.
ഇറാഖിന്റെ തെരുവുകളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടക്കാറുണ്ട്. ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. യുക്രെയ്ൻ യുദ്ധത്തിനെതിരെയും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ജനങ്ങൾ യുദ്ധത്തിനെതിരാണ്.
നാടകങ്ങൾക്ക് നിലവിലെ ഭരണകൂടം നല്ല പിന്തുണയാണ് നൽകുന്നത്. മിനിസ്ട്രി ഓഫ് കൾചറൽ അഫയേഴ്സ് ഇറാഖ് എല്ലാ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യാറുണ്ട്. ഇന്ത്യയും ഇറാഖും തമ്മിലുള്ള നയതന്ത്ര ബന്ധവും യാത്ര സുഖകരമാക്കി.
നാടകങ്ങൾ അങ്ങനെ കണ്ടിട്ടില്ല. പി.കെ, സ്ലം ഡോഗ് മില്യണയർ എന്നീ ഹിന്ദി സിനിമകൾ കണ്ടിട്ടുണ്ട്. വളരെ മികച്ച സിനിമകൾ. ആമിർ ഖാനെ ഭയങ്കര ഇഷ്ടമാണ്. കേരളവും വളരെയേറെ ഇഷ്ടമായി. ഏറെ സ്നേഹമുള്ള ജനങ്ങളുള്ള നാടാണ് കേരളം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.