തൃശൂർ: സ്വകാര്യ വ്യക്തികളുടെയും സംരംഭകരുടെയും സഹകരണത്തോടെ തേക്കിൻകാടിനെ സൗന്ദര്യവത്കരിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ്. നേരത്തേ സൗന്ദര്യവത്കരണത്തിന് ബോർഡ് പദ്ധതി തയാറാക്കിയിരുന്നുവെങ്കിലും നൃത്തമണ്ഡപമടക്കമുള്ളവ ഉൾപ്പെടുന്നത് പൂരം നടത്തിപ്പിന് തടസ്സമാവുമെന്നും നിർമാണ പ്രവൃത്തികൾ കഴിയില്ലെന്നുമുള്ള ആക്ഷേപത്തെ തുടർന്ന് വിവാദത്തിലായിരുന്നു. ഈ പദ്ധതി ദേവസ്വം ഓംബുഡ്സ്മാന് ലഭിച്ച പരാതിയിൽ കുരുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി ബോർഡ് ആലോചിച്ചത്. പ്രാഥമിക ഘട്ടമെന്ന നിലയിൽ തേക്കിൻകാടിെൻറ ഉടമാവകാശമുള്ള കൊച്ചിൻ ദേവസ്വം ബോർഡ്, കോർപറേഷൻ, പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ വടക്കുന്നാഥ ക്ഷേത്രം ഉപദേശക സമിതി എന്നിവരുടെ യോഗമാണ് ചേർന്നത്. ബോർഡ് പ്രസിഡൻറ് വി. നന്ദകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതിയെ കോർപറേഷനും ദേവസ്വങ്ങളും സ്വാഗതം ചെയ്തു.
വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലും പൂരത്തിന് തടസ്സമാകാത്ത വിധത്തിലുമാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ബോർഡ് പ്രസിഡൻറ് വി. നന്ദകുമാർ പറഞ്ഞു. പുതിയ നിർമാണ പ്രവർത്തനങ്ങൾ കൊണ്ടുവരാതെ തന്നെ നെഹ്റു മണ്ഡപം, വിദ്യാർഥി കോർണർ, ലേബർ കോർണർ എന്നിവ നവീകരിക്കും. മൈതാനം ഏഴ് മേഖലകളായി തിരിച്ച് ഓരോ ഭാഗത്തിനും സ്പോൺസർമാരെ കണ്ടെത്തി പരിപാലനവുമടക്കമാണ് സൗന്ദര്യവത്കരണ പദ്ധതി. മൈതാനത്തിന് ചുറ്റും മരങ്ങളുടെ ഇടയിലൂടെ നടപ്പാതയും ചുറ്റുമതിൽ ഉയരം കൂട്ടാതെ പുതുക്കിപ്പണിയും. മൈതാനത്ത് വിളക്കുകളും പുല്ലുകളും ചെടികളും വെച്ചുപിടിപ്പിക്കും. മരങ്ങളുടെ തറകൾ കെട്ടും നിലവിലുള്ള റോഡുകളും നവീകരിക്കാനും യോഗത്തിൽ ധാരണയായി.
പി. ബാലചന്ദ്രൻ എം.എൽ.എ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പദ്ധതിക്ക് ആദ്യ സഹായം വാഗ്ദാനം ചെയ്തു. മേയർ എം.കെ. വർഗീസ്, ബോർഡ് മെംബർ എം.ജി. നാരായണൻ, സ്പെഷൽ ദേവസ്വം കമീഷണർ എൻ. ജ്യോതി, സെക്രട്ടറി പി.ഡി. ശോഭന, എക്സിക്യൂട്ടിവ് എൻജിനീയർ കെ.കെ. മനോജ്, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി െചയർമാൻ വർഗീസ് കണ്ടംകുളത്തി, കൗൺസിലർ പൂർണിമ സുരേഷ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം െസക്രട്ടറി രവീന്ദ്രൻ, തൃശൂർ ഗ്രൂപ് അസി. കമീഷണർ വി.എൽ. സ്വപ്ന, അസി. കമീഷണർ എം. കൃഷ്ണൻ, ആർക്കിടെക്റ്റ് വിനോദ്കുമാർ, ദേവസ്വം ഓഫിസർ എം. സുധീർ, വടക്കുന്നാഥ ക്ഷേത്ര സമിതി പ്രസിഡൻറ് പി. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ ഉപദേശക സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. ആർക്കിടെക്റ്റുമാരായ വിനോദ്കുമാർ, സി.എസ്. മേനോൻ, ഡോ. അരവിന്ദാക്ഷ മേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് സൗന്ദര്യവത്കരണ പദ്ധതി തയാറാക്കിയത്. ആഗസ്റ്റ് ആദ്യവാരത്തിൽ പദ്ധതിയുടെ അവലോകന യോഗം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.