അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​യ ക​യ്പ​മം​ഗ​ലം കാ​ക്കാ​ത്തി​രു​ത്തി ക​ട​വി​ലെ ബോ​ട്ട് ജെ​ട്ടി നി​ർ​മാ​ണം

യാഥാർഥ്യമാകുമോ നാടിന്‍റെ സ്വപ്നം...? എങ്ങുമെത്താതെ കയ്പമംഗലം കാക്കാത്തിരുത്തി കടവിലെ ബോട്ട് ജെട്ടി നിർമാണം

കയ്പമംഗലം: എങ്ങുമെത്താതെ ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി കയ്പമംഗലം കാക്കാത്തിരുത്തി കടവിലെ ബോട്ട് ജെട്ടി നിർമാണം. പൈലിങ്ങ് നടത്തി തൂണുകൾക്ക് കോൺക്രീറ്റ് ഇട്ടതല്ലാതെ മറ്റൊന്നും ഇതുവരെ നടന്നിട്ടില്ല. ഒന്നര വർഷം മുമ്പാണ് ബോട്ട് ജെട്ടിയുടെ നിർമാണം ആരംഭിച്ചത്. പെരിഞ്ഞനം- കയ്പമംഗലം പഞ്ചായത്തുകളുടെ അതിർത്തിയിൽ കാക്കാത്തിരുത്തി പാലത്തിന് സമീപമാണ് ബോട്ട് ജെട്ടി നിർമാണം തുടങ്ങിയത്.15 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള ബോട്ട് ജെട്ടിയാണ് വിഭാവനം ചെയ്തിരുന്നത്. ഇതോട് ചേർന്ന് 40 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തിയും നിർമിക്കാനായിരുന്നു പദ്ധതി. ഇതിനായി 90 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. ഇറിഗേഷൻ വകുപ്പിനായിരുന്നു നിർമാണ ചുമതല.

ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. എന്നാൽ ഒന്നര വർഷം പിന്നിട്ടിട്ടും ബോട്ട് ജെട്ടിയുടെ നിർമ്മാണം തുടങ്ങിയടത്തു തന്നെ നിൽക്കുകയാണ്. നിർമാണത്തിനുപയോഗിച്ച ഇരുമ്പു സാമഗ്രികളും, ബോട്ടുജെട്ടിയുടെ അടിത്തറയിലുപയോഗിക്കുന്ന കമ്പികളും വെള്ളത്തിൽ കിടന്നും, തുരുമ്പെടുത്തും നശിച്ചു കൊണ്ടിരിക്കുകയാണ്. കരാറുകാരന്റെ നിസ്സഹകരണമാണ് നിർമാണം നിലക്കാൻ കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. പണ്ട് കാലത്ത് വഞ്ചികൾ അടുപ്പിച്ചിരുന്ന ഭാഗത്താണ് നിലവിലെ ബോട്ടുജെട്ടി നിർമാണം.

കോട്ടപ്പുറം, കണ്ടശ്ശങ്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കനോലി കനാൽ വഴി ചരക്കുകൾ എത്തിയിരുന്നതും, കൊണ്ടു പോയിരുന്നതും ഈ കടവിലൂടെയായിരുന്നു. ദേശീയ ജലപാത വികസനത്തിന്‍റെ ഭാഗമായി ജില്ലയിൽ തൃപ്രയാർ, ഏനാമാവ്, കയ്പമംഗലം എന്നിവിടങ്ങളിലാണ് ബോട്ടുജെട്ടി നിർമ്മാണത്തിന് പദ്ധതി രൂപവത്കരിച്ചത്. ഇതിൽ കയ്പമംഗലത്തെയായിരുന്നു ആദ്യം വിഭാവനം ചെയ്തിരുന്നത്. എന്നാൽ, തൃപ്രയാർ, ഏനാമാവ് എന്നിവിടങ്ങളിലെ ബോട്ട് ജെട്ടി നിർമാണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴും കയ്പമംഗലത്തെ ബോട്ടുജെട്ടി എന്ന് യാഥാർഥ്യമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികളും, അധികൃതരും.

Tags:    
News Summary - The construction of the boat jetty at Kaipamangalam Kakkathiruthi pier has not gone anywhere.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.