തൃശൂർ: ജില്ലയിൽ മോഷണം പെരുകുന്നു. തുടർച്ചയായി വീടുകളും ആരാധനാലയങ്ങളിലുമടക്കം കവർച്ചാസംഘം നിരങ്ങിയിട്ടും മോഷ്ടാക്കളെ വലയിലാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ സംഘങ്ങളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഞായറാഴ്ച കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിലെ കവർച്ചാ വിവരം കേട്ടാണ് ജില്ല ഉണർന്നത്. ശനിയാഴ്ച ചേർപ്പിൽ പൂജാ സ്റ്റോഴ്സിൽ മോഷണമുണ്ടായി. കഴിഞ്ഞ ആഴ്ചകളിലായി കൊടുങ്ങല്ലൂർ, മതിലകം, മാള, നാട്ടിക, കയ്പമംഗലം, ചാവക്കാട്, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും തുടർച്ചയായി മോഷണമുണ്ടായി. വാടാനപ്പള്ളിയിൽ ശനിയാഴ്ച വൈകീട്ട് വീട്ടിൽ ടി.വി കണ്ടിരുന്ന വീട്ടമ്മയുടെ മാല തുറന്നിട്ട ജനലിലൂടെ പൊട്ടിച്ച് കടന്ന സംഭവമുണ്ടായി.
കൊടുങ്ങല്ലൂരിൽ ആഴ്ചകൾക്ക് മുമ്പ് വീട്ടിൽനിന്ന് ഓട്ടുപാത്രങ്ങളാണ് കവർന്നത്. കുന്നംകുളത്തും വടക്കാഞ്ചേരിയിലും അടച്ചിട്ട വീടുകളിലായിരുന്നു മോഷണം. കഴിഞ്ഞയാഴ്ച നഗരത്തിൽ ദിവാൻജിമൂലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലുള്ള അന്വേഷണത്തിൽ ഇവിടം കേന്ദ്രീകരിച്ച് പിടിച്ചുപറി ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് വ്യക്തമായത്. ഒരാഴ്ചക്കിടയിൽ മൂന്ന് സമാന സംഭവങ്ങളാണ് ദിവാൻജിമൂലയിലുണ്ടായത്.
അതേ സമയം മോഷണത്തിന് പിന്നിൽ പുറത്തുനിന്നുള്ളവരല്ലെന്നാണ് പൊലീസ് വിലയിരുത്തൽ. പ്രദേശവുമായി ഏറെ അടുപ്പമുള്ളവരാണ് പിന്നിലെന്ന് സംശയിക്കുന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. ചിലയിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ലഭ്യമായ മുഖസാദൃശ്യങ്ങളും പ്രദേശവാസികളിലേക്ക് വിരൽചൂണ്ടുന്നതാണ്.
ഇതോടൊപ്പം ഇത്തരം സംഘങ്ങളിൽ പ്രായപൂർത്തിയാവാത്തവരടക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. തൃശൂരിലെയും വടക്കാഞ്ചേരിയിലെയും രണ്ട് കവർച്ചകളിൽ പൊലീസ് പിടികൂടിയവരിൽ പ്രായപൂർത്തിയാവാത്ത ആളുകളുണ്ടായിരുന്നു. ദിവാൻജിമൂലയിലെ സംഭവത്തിന് ശേഷം പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെങ്കിലും കവർച്ചാസംഘങ്ങളെ കിട്ടിയിട്ടില്ല.
വിയ്യൂർ: കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. ഓട് പൊളിച്ചാണ് അകത്തുകടന്നത്. രണ്ട് ഭണ്ഡാരവും ക്ഷേത്ര കൗണ്ടറും തകർത്ത നിലയിലാണ്. മണ്ഡലകാലം ആരംഭിച്ചതോടെ ക്ഷേത്രത്തിൽ ഭക്തരുടെ തിരക്കും വർധിച്ചിട്ടുണ്ട്. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
കുന്നംകുളം: നഗരത്തിലെ ഫ്രൂട്ട്സ് കടയിൽ മോഷണം. കടയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചു. തൃശൂർ റോഡിലെ പൊലീസ് സ്റ്റേഷന് സമീപത്തെ കാണിപ്പയ്യൂർ സ്വദേശി രതീഷിന്റെ ഉടമസ്ഥതയിലുള്ള ടി.വി.ആർ ഫ്രൂട്ട്സ് കടയിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്.
വഴിപാട് നൽകാൻ സ്ഥാപനത്തിലെ പാത്രത്തിലും ക്യാഷ് കൗണ്ടറിലുമായി സൂക്ഷിച്ച 2500 രൂപയാണ് മോഷ്ടിച്ചത്. പഴവർഗ്ഗങ്ങൾ ടാർപ്പായ കൊണ്ട് മൂടി അതിലാണ് പണം അടങ്ങിയ പാത്രം സൂക്ഷിച്ചിരുന്നത്. ഞായറാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ടാർപായ നീക്കിയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം മോഷണം പോയതായി അറിയുന്നത്.
പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ മൊബൈൽ കടക്കുമുന്നിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.