‘തെരുവര’ സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിന്റെ ഭാഗമായി റീജനൽ തിയറ്ററിന്റെ ചുവരിൽ
നാടകകൃത്ത് കെ.ടി. മുഹമ്മദിന്റെ ചിത്രം വരക്കുന്നു
തൃശൂർ: നഗരത്തിന്റെ ചുവരുകൾ ചിത്രങ്ങളാൽ വർണാഭമാകുകയാണ്. തൃശൂരിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന വരകളുമായി കലാകാരന്മാർ ഒരുങ്ങിക്കഴിഞ്ഞു. ‘തെരുവര’ സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലിലൂടെയാണ് തെരുവുകൾ കലയുടെ കാൻവാസാകുന്നത്. സംഗീത നാടക അക്കാദമിയുടെ ചുവരിൽ കെ.ടി. മുഹമ്മദിന്റെ ചിത്രം ചെന്നൈയിൽനിന്നുള്ള കലാകാരൻ ടി. മുഹമ്മദ് അക്വിൽ ഹുസൈൻ വരച്ച് പൂർത്തിയാകാറായി.
ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് ഉയർന്നാണ് ചിത്രം വരക്കുന്നത്. നഗരിയിലെ തെരഞ്ഞെടുത്ത പൊതു-സ്വകാര്യ കെട്ടിടങ്ങളുടെ ചുവരുകളും മതിലുകളും ഉപയോഗപ്പെടുത്തിയാണ് ‘തെരുവര’ നടത്തുന്നത്.
ചിത്രകാരി അന്‍പു വര്‍ക്കി ക്യൂറേറ്ററായി പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് ആര്‍ട്ട് ഫെസ്റ്റിവലില്‍ ആകാശ് രാജ് ഹലന്കാര്, അലിന ഇഫ്തികര്‍, ആന്റോ ജോർജ്, ഫെലിക്സ് ജാക്സണ്, ജോബിന് പ്രകാശ്, ജോഫ്രീ ഒലിവറസ്, എസ്.എസ്. കാര്‍ത്തിക, മനു മണിക്കുട്ടന്, ടി. മുഹമ്മദ് അക്വീല്‍ ഹുസൈന്, മോന ഇസ, നിബിദ് ബോറഹ്, കെ. പ്രിസില്ല, രഘുപതി, എം. റിഥുന്, സാറ്റ്ച്ചി ഷെയില്‍ സാദ്വെല്കര്, ഷാന്റോ ആന്റണി, ശിൽപ മേനോന്, സിദ്ധാർഥ് കാരര്വാള് എന്നീ കലാകാരൻമാരാണ് ചിത്രം വരക്കുന്നത്.
കേരള ലളിതകല അക്കാദമി, കേരള സംഗീത നാടക അക്കാദമി, ജില്ല ഭരണകൂടം എന്നിവ സംയുക്തമായി ഈ മാസം 31 വരെ സംഘടിപ്പിക്കുന്ന സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കലക്ടര്‍ ഹരിത വി. കുമാര്‍ നിര്‍വഹിച്ചു. കലാകാരന്മാർക്ക് കിറ്റ് നൽകിയായിരുന്നു ഉദ്ഘാടനം.
കേരള ലളിതകല അക്കാദമി ചെയര്മാൻ മുരളി ചീരോത്ത് അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, കേരള ലളിതകല അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, ജില്ല ഇൻഫർമേഷൻ ഓഫിസർ സി.പി. അബ്ദുൽകരീം, അക്കാദമി മാനേജര്‍ കെ.എസ്. മനോജ് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
തെരുവരയുടെ ഭാഗമായി അക്കാദമിയുടെ മുഖ്യകാര്യാലയത്തില്‍ പോട്രേയ്റ്റ് ക്യാമ്പ് ആരംഭിച്ചു. സാഹിത്യ, നാടക, കലാരംഗത്തെ പ്രശസ്തരുടെ ഛായാചിത്രങ്ങളാണ് ക്യാമ്പില്‍ രചിക്കുന്നത്. കെ.ജി. ബാബു, എം. സോമന്, കെ.ജി. വിജയന്, സുനില്‍, ഗീതു സുരേഷ് എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.