വാടാനപ്പള്ളി: പാർട്ടിയിൽ ചേരിപ്പോര് രൂക്ഷമായതോടെ വാടാനപ്പള്ളിയിൽ സി.പി.ഐ ലോക്കൽ സെക്രട്ടറിയെ മാറ്റി. ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെയാണ് ലോക്കൽ സെക്രട്ടറിയായിരുന്ന അഷറഫ് വലിയകത്തിനെ വെട്ടിനിരത്തിയത്. മുൻ പഞ്ചായത്തംഗം സി.ബി. സുനിൽകുമാറിനെ സെക്രട്ടറിയാക്കി. ഏറെ നാളായി വാടാനപ്പള്ളിയിൽ സി.പി.ഐക്കുള്ളിൽ ചേരിപ്പോര് രൂക്ഷമാണ്. അഷറഫിനെതിരെ മണ്ഡലം കമ്മിറ്റി നേതാവിെൻറ നേതൃത്വത്തിലാണ് എതിർ ഗ്രൂപ് രംഗത്തുവന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തിയിട്ടും ചേരിപ്പോര് മൂലം കനത്ത പ്രഹരമാണ് സി.പി.ഐ അംഗങ്ങൾ നേരിട്ടത്.
കഴിഞ്ഞ ഭരണസമിതിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന ഷക്കീല ഉസ്മാൻ, കഴിഞ്ഞ ഭരണസമിതിയിൽ അംഗമായിരുന്ന സി.ബി. സുനിൽകുമാർ എന്നിവർ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. രണ്ടിടത്തും ബി.ജെ.പിയാണ് ജയിച്ചത്. സുനിൽകുമാർ മത്സരിച്ച 10ാം വാർഡിൽ ആദ്യമായി ബി.ജെ.പി ജയിച്ചത് സി.പി.ഐക്ക് കനത്ത പ്രഹരമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചേരിപ്പോര് രൂക്ഷമായി.
പാർട്ടി സമ്മേളനത്തിന് മുമ്പ് അഷറഫിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാൻ മറുവിഭാഗം ശ്രമമരംഭിച്ചു. നേതൃത്വത്തിലെ ചില നേതാക്കളും മറുവിഭാഗത്തിനൊപ്പം ചേർന്നു. ഏറെ കാലമായി പാർട്ടി ലീവ് അനുവദിച്ച ആളും ഭൂരിപക്ഷം തികക്കാൻ യോഗത്തിനെത്തി. ബ്രാഞ്ച് കമ്മിറ്റികൾ നിർജീവമാണെന്നും അതിനാൽ നിലവിലെ ലോക്കൽ സെക്രട്ടറിയെ മാറ്റി പുതിയ ആളെ സെക്രട്ടറിയാക്കണമെന്ന ചർച്ചയായി. തുടർന്ന് വാക്തർക്കത്തിനൊടുവിലാണ് അഷറഫിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്. ജില്ല എക്സിക്യൂട്ടിവ് അംഗം എൻ.കെ. സുബ്രഹ്മണ്യൻ, മണ്ഡലം സെക്രട്ടറി വി.ആർ. മനോജ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
നേതൃത്വത്തിലെ ചിലരും അഷറഫിനെ മാറ്റുന്നതിന് യോജിച്ച മട്ടാണേത്ര. ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ സി.ബി. സുനിൽകുമാറിനെ ലോക്കൽ സെക്രട്ടറിയാക്കിയതിലും ഒരുവിഭാഗത്തിന് മുറുമുറുപ്പുണ്ട്. നേരേത്ത സി.പി.എം പ്രവർത്തകനായിരുന്ന അഷറഫ് പത്ത് വർഷം മുമ്പാണ് പാർട്ടി വിട്ട് സി.പി.ഐയിൽ എത്തിയത്.
ഇതോടെ പാർട്ടി ശക്തിയായി വരുകയായിരുന്നു. ആറ് വർഷം മുമ്പാണ് സി.പി.ഐ ലോക്കൽ സെക്രട്ടറിയായത്.
വഴിയോര കച്ചവട ഐ.ഐ.ടി.യു.സി യൂനിയൻ ജില്ല സെക്രട്ടറി, അന്തർ സംസ്ഥാന തൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി, എന്നീ സ്ഥാനങ്ങൾ വഹിക്കുകയാണ്. ഏഴ് വർഷം ചുമുട്ടുതൊഴിലാളി എ.ഐ.ടി.യു.സി വാടാനപ്പള്ളി യൂനിറ്റ് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.