പഴഞ്ഞി: കാട്ടകാമ്പാൽ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിന് പോരാട്ട വീര്യം കൂടുതലാണ്. പല വാർഡുകളിലും ത്രികോണ മത്സരമാണ്. കുന്നംകുളം മണ്ഡലത്തിൽ തന്നെ കൂടുതൽ ശ്രദ്ധയാകർഷിക്കപ്പെടുന്ന പഞ്ചായത്തും കൂടിയാണ് കാട്ടകാമ്പാൽ. വർഷങ്ങളായി എൽ.ഡി.എഫാണ് ഭരിക്കുന്നത്. യു.ഡി.എഫിലെ കോൺഗ്രസ് കോട്ടയായിരുന്ന പഞ്ചായത്തിൽ ഭരണം എൽ.ഡി.എഫിന്റെ കൈയിലെത്തിയതോടെ പിടി കൊടുക്കാതെയാണ് എൽ.ഡി.എഫിന്റെ മുന്നേറ്റം.
16 വാർഡുകളിൽ മൂന്നിടത്ത് മാത്രമേ കോൺഗ്രസുള്ളൂ. ശേഷിക്കുന്ന രണ്ടിടത്ത് സി.പി.ഐയും ഒരിടത്ത് ബി.ജെ.പിയും ശേഷിക്കുന്ന പത്തിടത്തും സി.പി.എം ആണ്. എന്നാൽ, ഇത്തവണ തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് നീക്കം നടത്തുന്നത്. പല വാർഡുകളിലും ബി.ജെ.പിക്ക് കഴിഞ്ഞ തവണ മുന്നേറ്റമാണ്. കൂടാതെ ചില വാർഡുകളിൽ രണ്ടാം സ്ഥാനവും ഉറപ്പിച്ചിരുന്നു. ഇക്കുറി പഴഞ്ഞി ഈസ്റ്റ് വാർഡിൽ കടുത്ത മത്സരമാണ് നടക്കുന്നത്. നേതാക്കളുടെ ത്രികോണ മത്സരം ഏറെ ശ്രദ്ധിക്കപ്പെടുന്നതും ഈ വാർഡിലാണ്. സി.പി.ഐ കുന്നംകുളം മണ്ഡലം സെക്രട്ടറിയായിരുന്ന പഞ്ചായത്ത് അംഗം കെ.ടി ഷാജനാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്.
യു.ഡി.എഫ് സ്ഥാനാർഥി ജില്ല പഞ്ചായത്ത് മുൻ അംഗമായ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ജയശങ്കറാണ്. ബി.ജെ.പി സ്ഥാനാർഥിയായി ഗോദയിലുള്ളത് കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.ജെ. ജെബിനാണ്. കഴിഞ്ഞ രണ്ട് തവണയായി സി. പി.ഐ അംഗമാണ് ഈ വാർഡിന്റെ പ്രതിനിധിയാകുന്നത്. സമാന നിലയിൽ പെങ്ങാമുക്ക് വാർഡിലെ മത്സരവും ഏവരുടെയും ശ്രദ്ധാകേന്ദ്രമാകും.
മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സദാനന്ദനും നിലവിലെ ബി.ജെ.പി അംഗം പ്രദീപ് കൂനത്തും തമ്മിലാണ് മത്സരം. ഈ വാർഡിൽ ഇവർ തമ്മിൽ മത്സരിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2015 ലെ മത്സരത്തിൽ പെങ്ങാമുക്ക് വാർഡിൽ നിന്നുള്ള മത്സരത്തിൽ സദാനന്ദൻ വിജയിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റുമായി. പിന്നീട് 2020ൽ മൂലേപ്പാട് വാർഡിൽ ഇരുവരും മത്സരിച്ചപ്പോൾ പ്രദീപ് കൂനത്ത് വിജയിച്ചു. ഇത്തവണ 16ാം വാർഡിൽനിന്ന് ഇരുവരും ജനവിധി തേടുമ്പോൾ ഇത് ഇവരുടെ നേർക്കുനേരെയുള്ള മൂന്നാമങ്കമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.