മതിലകം: ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കാൻ ആഴ്ചകൾക്ക് മുമ്പ് പൊളിച്ചിട്ട ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. അധികാരികളുടെ കെടുകാര്യസ്ഥതയെ തുടർന്ന് അപകടമൊഴിയാത്ത ദേശീയപാത 66 മതിലകം വാട്ടർ ടാങ്കിന് മുന്നിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തിൽ മതിലകം പളളിവളവ് വാടയിൽ പരേതനായ അന്തപ്പന്റെ മകൻ മേനറ്റി (58) നാണ് ഗുരുതര പരിക്കേറ്റത്.
ദേശീയപാതക്ക് കുറുകെയുള്ള കുഴിയിൽ വീണതോടെ ബൈക്കും യാത്രികനും രണ്ടിടത്തേക്ക് തെറിച്ചു പോയി. മേനറ്റ് കൊടുങ്ങലൂർ എ.ആർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ്. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സ്ത്രീയും കുട്ടിയും അപകടത്തിൽപ്പെട്ടിരുന്നു. ഇതിനകം ഒട്ടേറെ പേർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
റോഡിലെ കുഴിയിൽ പതിച്ച് നാശനഷ്ടങ്ങൾ സംഭവിച്ച വാഹനങ്ങളും ഏറെയാണ്. വൻ ശബ്ദത്തോടെയാണ് കണ്ടയ്നർ പോലെയുള്ള വലിയ വാഹനങ്ങൾ കുഴിയിൽ പതിക്കുന്നത്. കുടിവെള്ള പദ്ധതിയുടെ പുതിയ പൈപ്പ് സ്ഥാപിക്കാനാണ് ദേശീയ പാത പൊളിച്ചിട്ടത്. ചിലയിടങ്ങളിൽ പാതയുടെ മധ്യഭാഗം വരെയാണ് പൊളിച്ചിട്ടിരിക്കുന്നത്. വൻതോതിൽ വാഹന ഗതാഗതം നടക്കുന്ന ഹൈവേയിൽ യുദ്ധകാല അടിസ്ഥാനത്തിൽ തീർക്കേണ്ട പണികൾ അനിശ്ചിതമായി നീണ്ടുപോകുമ്പോഴും അധികാരികൾ കടുത്ത അനാസ്ഥയാണ് പുലർത്തുന്നത്. വാട്ടർ അതോറിറ്റി അധികൃതരും ഹൈവേ അതോറിറ്റിയുമെല്ലാം കെടുകാര്യസ്ഥത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.